court

വേദങ്ങളും ഇതിഹാസങ്ങളും ദുർവ്യാഖ്യാനം ചെയ്ത് ദൈവ നിർമ്മിതമാണ് ജാതിയെന്ന് സ്ഥാപിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഭാരതത്തിൽ പിറന്ന ഒരു മഹാത്‌മാവും ദൈവ നിർമ്മിതമാണ് ജാതിയെന്ന് പറഞ്ഞിട്ടില്ല. മറിച്ച് മനുഷ്യ നിർമ്മിതമാണ് ജാതിയെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദൈവ നിർമ്മിതമാണ് ജാതിയെന്ന് വരുത്തിത്തീർത്താൽ ജാതിയുടെ പേരിലുള്ള ചൂഷണം എക്കാലവും ചോദ്യം ചെയ്യപ്പെടാനാകാതെ തുടരാനാകും. ഇതിനാണ് മനുസ്‌മൃതിയെയും പുരുഷ സൂക്തത്തെയും മറ്റും കൂട്ടുപിടിച്ച് ജാതി ദൈവദത്തമാണെന്ന് തെളിയിക്കാൻ ചിലർ ശ്രമിക്കുന്നത്.

എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഈശ്വരൻ. അതിന് ജാതി മത ഭേദങ്ങളില്ല. എല്ലാ മനുഷ്യരും ഒരേ ഗുണമുള്ളവരല്ല. ഗുണഭേദങ്ങൾ മനുഷ്യരിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന്റെ പേരിൽ സവർണർ കുറച്ചുപേർ അവർണർ എന്നൊക്കെ വേർതിരിക്കുന്നത് അപരിഷ്‌കൃതമാണ്. ഗുരുദേവന്റെയും കേരളത്തിൽ ജനിച്ച മറ്റ് മഹാത്മാക്കളുടെയും മറ്റും ആദ്ധ്യാത്മിക പ്രവർത്തനങ്ങളുടെയും ഉദ്‌ബോധനങ്ങളുടെയും ഫലമായി കേരളത്തിൽ ജാതിയുടെ പേരിലുള്ള ബാഹ്യമായ അയിത്തം അവസാനിച്ചു. എന്നാൽ നമ്മുടെ അയൽ സംസ്ഥാനങ്ങളുടെ ഗ്രാമീണ പ്രദേശങ്ങളിലെയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെയും മറ്റും അവസ്ഥ ജാതിയുടെ കാര്യം വരുമ്പോൾ ദയനീയമാണ്. സ്വാതന്ത്ര്യ‌ം ലഭിച്ച് എഴുപത്തിയഞ്ച് വർഷം കഴിഞ്ഞിട്ടും ദളിതരെ വെള്ളം കോരാൻ അനുവദിക്കാത്ത കിണറുകൾ ഇത്തരം ഗ്രാമങ്ങളിൽ ഇന്നും നിരവധിയാണ്. അതുപോലെ സവർണരുടെ ആധിപത്യത്തിലുള്ള ചില ക്ഷേത്രങ്ങളിൽ ദളിതരെ പ്രവേശിപ്പിക്കാറില്ല. ഇത് പലപ്പോഴും ബീഹാറിലും യു.പിയിലും ലഹളകൾക്കും കാരണമായിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് ഒന്നിനോടൊന്ന് ചേരാത്ത നൂറായിരം ജാതികളുടെ ആവിർഭാവമാണ്.

പഴയ കാലത്ത് കുറ്റകൃത്യങ്ങൾ ചെയ്താലും ശിക്ഷിക്കപ്പെടാതെ അവർ രക്ഷപ്പെടുമായിരുന്നു. കാരണം നിയമപാലകരിലും കുറ്റം വിധിക്കുന്നവരിലും ഒന്നും പേരിന് പോലും ഒരു അവർണൻ ഉണ്ടാകില്ല എന്നതു തന്നെ. ഇന്ന് കാലം മാറി. ഇപ്പോൾ ദളിതരെ ആക്രമിച്ചാൽ അവരും തിരിച്ചടിക്കാൻ ശക്തിപ്രാപിച്ചിട്ടുണ്ട്. അതിലുപരി നീതി തേടി കേസ് നടത്താനും അവർ തയ്യാറാകുന്നു. കർണാടകയിൽ ദളിതരെ കൂട്ടത്തോടെ ആക്രമിച്ച് വീടുകൾ ചുട്ടെരിച്ച കേസിൽ 98 പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച അപൂർവ സംഭവം ഉണ്ടായത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ദളിതർ കേസ് നടത്തിയതിന്റെ പരിണിത ഫലമായാണ്. സാധാരണഗതിയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയാണ് പതിവ്. പലപ്പോഴും ആൾക്കൂട്ട ആക്രമണങ്ങൾ വീണ്ടും ആവർത്തിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ദളിത് സംഘടനയായ ഡി.എസ്.എസ്.എമ്മിന്റെ ദേശീയ പ്രസിഡന്റ് രാധാകൃഷ്ണ എന്നിവർ കേസ് നടത്താൻ മുൻനിരയിലുണ്ടായിരുന്നു. ജാതിയുടെ പേരിലുള്ള നീചമായ ആക്രമണത്തിൽ പങ്കാളികളായവർക്ക് കടുത്ത ശിക്ഷ തന്നെ നൽകിയ കർണാടക കൊപ്പൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നീതിബോധവും ശ്ളാഘനീയമാണ്. ഇന്ത്യയിൽ ആദ്യമായാണ് ദളിതരെ ആക്രമിച്ച കേസിൽ ഇത്രയും പേരെ ഒരുമിച്ച് ശിക്ഷിക്കുന്നത്. ജാതിവിവേചനത്തിനും ആക്രമണങ്ങൾക്കും ശക്തമായ താക്കീതാണ് ഈ വിധി. മൂന്ന് ദളിതർക്കും അഞ്ച് വർഷം വീതം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം, എസ്.സി /എസ്.ടി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് ജഡ്‌‌ജി സി. ചന്ദ്രശേഖർ കണ്ടെത്തിയത്. 2014 ആഗസ്റ്റ് 28ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊപ്പൽ ജില്ലയിലെ മാരാകുമ്പി ഗ്രാമത്തിൽ ഹോട്ടലിൽ ദളിതർക്ക് ഭക്ഷണം നൽകിയതിനെ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. പിന്നീട് ഗംഗാവതി ടൗണിൽ സിനിമ കാണാനെത്തിയപ്പോൾ ദളിതരും സവർണരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന്റെ പക തീർക്കാൻ സവർണർ സംഘടിച്ച് ദളിതർ താമസിക്കുന്ന മേഖലയിലെത്തി സ്‌ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും വീടുകൾ കത്തിക്കുകയുമാണുണ്ടായത്.