ss

പാൽതു ജാൻവറിനു ശേഷം സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സജിൻ ഗോപു നായകൻ. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തിയ പാൽതു ജാൻവർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് പി. രാജൻ സംവിധായകനാവുന്നത്. നവാഗതനായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം സജിൻ ഗോപു നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ്. ആവേശം സിനിമയിൽ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സജിൻ ഗോപു. ആവേശത്തിന്റെ സംവിധായകനായ ജിതു മാധവൻ ആണ് ശ്രീജിത്ത്ബാബു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അനശ്വര രാജ ആണ് സജിൻ ഗോപുവിന്റെ നായിക. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിൽ പ്രതിനായകനായാണ് സജിൻ ഗോപു എത്തുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ലിജോ മോൾ ജോസാണ് നായിക. കുഞ്ചാക്കോ ബോബൻ നായകനായി ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സജിൻ ഗോപു എത്തുന്നുണ്ട്,. ജാൻ എ.എൻ, ചുരുളി, രോമാഞ്ചം, ചാവേർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ വർഷത്തെ ബ്ളോക്ക് ബസ്റ്ററായ ആവേശമാണ് കരിയറിൽ വഴിത്തിരിവായത്.