ആറ്റിങ്ങൽ: സവാള വില വീണ്ടും ഉയരുന്നു. സവാള ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വിളവെടുപ്പ് കുറഞ്ഞതിനാലാണ് സവാളയുടെ വില ഉയരുന്നത്. കനത്ത മഴയെതുടർന്ന് സവാളത്തോട്ടങ്ങൾ നശിക്കുകയും പാടങ്ങൾ വെള്ളത്തിലാവുകയും ചെയ്തതിനാൽ നിലവിൽ വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകിയിരിക്കുകയാണ്. ഇത് സവാളയുടെ വിൽപ്പനയെ ബാധിച്ച സാഹചര്യത്തിലാണ് വില കുത്തന്നെ ഉയരുന്നത്. മിക്ക ഗോഡൗണുകളിലും സവാള സ്റ്റോക്കില്ലെന്നാണ് പറയുന്നത്.
അടുത്ത ദിവസം വരെ 50 രൂപയ്ക്ക് വിപണിയിൽ ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 65മുതൽ 80രൂപ വരെയാണ് സവാളയുടെ ചില്ലറവില. രാജ്യത്തെ ഏറ്റവും വലിയ സവാള വിപണിയായ മഹാരാഷ്ട്രയിലെ ലാസൽഗാവിൽ ഒരു മാസത്തിലധികമായി കിലോയ്ക്ക് 35- 45 രൂപയായിരുന്നു മൊത്തവില. സവാളയ്ക്ക് വിലക്കയറ്റമുണ്ടാകുമ്പോൾ ഒക്ടോബർ നവംബർ മാസങ്ങളിൽ ഖാരിഫ് സവാളയുടെ വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മഴ വില്ലനായത്. രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ രീതിയിൽ തന്നെ വില തുടരുമെന്നാണ് വിപണന രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.