
ആരാധകർക്ക് ആവേശം പകരാൻ ബറോസ് , എൽ 360 ,എമ്പുരാൻ എന്നീ മോഹൻലാൽ ചിത്രങ്ങൾ റിലീസിന്. ഡിസംബർ 19ന് ബറോസ് എത്തും. ജനുവരിയിൽ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ് പതിനൊന്നുമാസത്തിനുശേഷം എത്തുന്ന മോഹൻലാൽ സിനിമയാണ് ബറോസ്. മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് പുതുവർഷത്തിൽ മോഹൻലാലിന്റെ ആദ്യ റിലീസ്.
ജനുവരി 23ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും. മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് മറ്റൊരു മെഗാ പ്രോജക്ട് . ലൂസിഫർ റിലീസ് ചെയ്ത മാർച്ച് 28ന് എമ്പുരാൻ തിയേറ്ററിൽ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മോഹൻലാൽ സിനിമകൾക്കുവേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശം പകരുന്നതാണ് മൂന്ന് ചിത്രങ്ങളും. മോഹൻ ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്. മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം നായകനും നായികയുമായി ഒരുമിക്കുന്നു എന്നതാണ് എൽ 360 എന്ന താത്കാലികമായി പേരിട്ട ചിത്രത്തിന്റെ സവിശേഷത. തമിഴ് സംവിധായകനും നടനുമായ ഭാരതി രാജ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്. ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, ആർഷചാന്ദ്നി ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ ആരാധകലോകത്ത് നൽകുന്നത് വാനോളം പ്രതീക്ഷ .ലൂസിഫറിലെ ഒട്ടുമിക്ക അഭിനേതാക്കളും എമ്പുരാനിൽ അണിനിരക്കുന്നുണ്ട്. പുതുവർഷത്തിൽ മലയാള സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് എമ്പുരാൻ. ആശിർവാദ് പ്രൊഡക്ഷൻസും രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.