ഭാര്യയ്ക്കെതിരെ മോഷണക്കേസുകളും

നാഗർകോവിൽ : സർക്കാർ ജോലി വാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിൽ ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തു. പുതുക്കട ഇൻസ്‌പെക്ടർ യേശുരാജശേഖരൻ, ഭാര്യ കനക ദുർഗ (മുനിയമ്മാൾ) എന്നിവർക്കെതിരെയാണ് കേസ്. 27 പേരിൽ നിന്ന് 1.47 കോടി ആണ് ഇവർ കവർന്നത്. മോഷണം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ്. തേനി ജില്ലയിൽ ഉത്തമ പാളയം പണെപുരം ചിന്നമാങ്കുളം സ്വദേശിയായ പൊലീസ് ഇൻസ്പെക്ടർ നിലവിൽ തൂത്തുക്കുടി ചാത്താൻകുളം സ്റ്റേഷനിലാണ്. കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വെയിറ്റിംഗ് പട്ടികയിലേക്ക് മാറ്റി. മുനിയമ്മാൾക്കെതിരെ തേനി ജില്ലയിൽ മോഷണത്തിന് വേറെയും കേസുണ്ട്. മാർത്താണ്ഡം കൊടുങ്കുളം സ്വദേശി ലളിത കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സുന്ദര വദനത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2022ൽ യേശു രാജശേഖരൻ ലളിതയുടെ മകന് വിദ്യാഭ്യാസ വകുപ്പിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് നാലരലക്ഷം രൂപയാണ് ആദ്യം തട്ടിയത്. കൂടുതൽ ഒഴിവുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ലളിത ബന്ധുക്കളും സമീപവാസികളിൽ നിന്നുമായി 1.47 കോടി രൂപ വാങ്ങിക്കൊടുത്തെങ്കിലും ജോലി ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.