ss

അമല പോളിന് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ജഗദ് ദേശായി. അമ്മയായ ശേഷമുള്ള അമലയുടെ ആദ്യ പിറന്നാളാണ്. അമലയും ജഗദും പ്രണയത്തിലായിരുന്ന സമയത്തെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ജഗദ് പങ്കുവച്ചത്. എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകൾ. ഇപ്പോൾ മനോഹരിയായ അമ്മ. എന്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല. നീ അർഹിക്കുന്ന എല്ലാ സന്തോഷവും ആരോഗ്യവും സമാധാനവും സമൃദ്ധിയും വിജയവും നേരുന്നു. വീഡിയോയ്ക്കൊപ്പം ജഗദ് കുറിച്ചു.

കുടുംബത്തിനൊപ്പം ബാലിയിൽ അവധി ആഘോഷിക്കുകയാണ് അമല പോൾ. ഭർത്താവിനും മകൻ ഇളൈയ്ക്കുമുള്ള യാത്രയുടെ ചിത്രങ്ങൾ അമല സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയും അമല പങ്കുവച്ചു. നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. മാതൃത്വം നിങ്ങളെ കൂടുതൽ സുന്ദരമാക്കി ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധകന്റെ കമന്റ്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗദും വിവാഹിതരായത്. കൊച്ചിയിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മലയാള സിനിമയിലൂടെയാണ് അമല പോൾ എന്ന നടി അഭിനയ രംഗത്ത് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.