
കല്ലമ്പലം: തെരുവ് നായ്ക്കൾക്ക് വാക്സിനേഷനും പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ, വെട്ടിയറ വാർഡുകളുടെ ഭാഗമായ വെട്ടിയറ, എൽ.പി.എസ് ജംഗ്ഷൻ, മാടൻകാവ്, പന്തുവിള തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളെയും വളർത്തുനായ്ക്കളെയും ഉൾപ്പെടെ 25 ഓളം നായ്ക്കളെ കഴിഞ്ഞ ദിവസം പേപ്പട്ടി കടിച്ചിരുന്നു. തുടർന്നാണ് ഗ്രാമപഞ്ചായത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും, സി.എ.ഡബ്ല്യു.എ,ഐ.ഐ.എൽ എന്നീ സംഘടനകളുടെയും നേതൃത്വത്തിൽ വാക്സിനേഷനും
ബോധവത്കരണവും നടത്തിയത്. 70 ഓളം നായ്ക്കൾക്ക് ഇന്നലെ വാക്സിനെടുത്തു.
പേവിഷബാധയെ പറ്റിയുള്ള ബോധവത്കരണ ക്ലാസ് നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എ.ഡബ്ല്യു.എ എഡ്യുക്കേഷൻ ഓഫീസർ അശ്വനി.എം ബോധവത്കരണ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ പൈവേലിക്കോണം ബിജു,അരുൺകുമാർ.എസ്,നാവായിക്കുളം അശോകൻ, ജൂനിയർ ഹെൽത്ത് ഓഫീസർ രാകേഷ് സി.ഡി.എസ് പത്മരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.