1

നാട്ടിലെ ഗ്രൗണ്ടിൽ പരീശിലിച്ച സഹോദരങ്ങൾക്കും കൂട്ടുകാരനും സ്വർണത്തിളക്കം.വിതുര ഗവൺമെന്റ് വി.എച്ച്.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കാർത്തിക്ക് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിലും, ഹാമർ ത്രോയിലും സ്വർണം നേടിയപ്പോൾ, തൊളിക്കോട് ഗവൺമെന്റ് എച്ച്.എസ്.എസിൽ പ്ലസ്ടുവിന് പഠിക്കുന്ന ചേട്ടൻ ഹൃതിക് സീനിയർ ഷോട്ട് പുട്ടിൽ സ്വർണം നേടി.ഇവരുടെ കൂട്ടുകാരൻ വിതുര സ്കൂളിലെ അഭയ് ബി.എൻ ജൂനിയർ തലത്തിൽ ഷോട്ട് പുട്ടിലും, ഡിസ്‌കസ് ത്രോയിലും സ്വർണം സ്വന്തമാക്കി. മൂവരും പഠിക്കുന്ന സ്കൂളുകൾക്ക് ഗ്രൗണ്ട് പരിമിതിയുള്ളതിനാൽ നാട്ടിലെ ഗ്രൗണ്ടിലായിരുന്നു മൂവർ സംഘത്തിന്റെയും പരിശീലനം.

പിതാവിന്റെ വഴിയേ ആത്മജും

സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഭരതന്നൂർ സ്വദേശിയായ ആത്മജ് എസ്. നായർ സ്വർണം എറിഞ്ഞിട്ടപ്പോൾ അച്ഛൻ ഷിബു ശാസ്ത്രിക്ക് ഇരട്ടി സന്തോഷം.

90കളിൽ ദേശീയ സ്കൂൾ ഗെയിംസിൽ ബാൾബാഡമിന്റൺ താരമായിരുന്നു ഐ.ആർ.ബിയിലെ റിട്ട. എസ്.ഐയായ ഷിബു ശാസ്ത്രി.സംസ്ഥാന, ജില്ലാ ക്രിക്കറ്റ് മത്സരങ്ങളിൽ കസറിയ ആത്മജ് ജാവലിനും ഒരു കൈനോക്കാൻ ഇത്തവണ തീരുമാനിക്കുകയായിരുന്നു. 41.88 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറി‌ഞ്ഞിട്ടതാണ് ആത്‌മജ് പൊന്നണിഞ്ഞത്. ഡി.എം.ഒ ഓഫീസിലെ ഹെഡ് ക്ലാർക്ക് അമ്മ ലക്ഷ്മിയും സഹോദരി മാർ ഇവാനോയിസിലെ മുൻ കൗൺസിലറുമായ മകൾ എസ്.നായരും പിന്തുണയുമായി കൂടെയുണ്ട്. രാജീവാണ് ആത്മജിന്റെ കോച്ച്.


പിതാവിനൊപ്പം കമ്പ്കൊണ്ട് എറിഞ്ഞ് പരിശീലിച്ച

ദേവകൃഷ്ണയ്ക്ക് ജാവലിൻ ത്രോയിൽ പൊൻതിളക്കം

പിതാവ് മനുവിന്റെ ശിക്ഷണത്തിൽ പൂവാർ കടപ്പുറത്ത് കമ്പ് എറിഞ്ഞാണ് എം.വി. ദേവകൃഷ്ണ ജാവലിൻ ത്രോയുടെ ബാലപാഠങ്ങൾ പഠിച്ചത്. ആ പരിശ്രമം വെറുതെയായില്ല. ജില്ലാ കായികമേളയിലെ ജൂനിയർ
പെൺകുട്ടികളുടെ ജാവൻലിൻ ത്രോയിൽ സ്പോർട്സ് സ്കൂളിലെ കുട്ടികളെയെല്ലാം പിന്നിലാക്കി എം.വി.എച്ച്.എസ്.എസ് അരുമാനൂരിലെ ദേവകൃഷ്ണ സ്വർണം സ്വന്തമാക്കി. 21.68 മീറ്ററാണ് കുറിച്ച ദൂരം .
ബാഡ്മിന്റൺ താരം കൂടിയായ ദേവകൃഷ്ണയുടെ ​ഗുരു പിതാവ് മനുവാണ്. കണ്ടല സർവീസ് സഹകരണബാങ്കിലെ ജീവനക്കാരനായ മനു പഴയ കായികതാരം കൂടിയാണ്. അഞ്ച് വയസ് മുതൽ ബാഡ്മിന്റൺ പരിശീലിക്കുന്നുണ്ട്. അമ്മ വീണ ബീമാപ്പള്ളി യു.പി സ്കൂളിലെ അദ്ധ്യാപികയാണ്.

രണ്ടാഴ്ചത്തെ പരിശീലനത്തിൽ

ആതിരയുടെ ഗോൾഡൻ ജമ്പ്

വെറും രണ്ടാഴ്ചത്തെ പരിശീലനം കൊണ്ട് സ്വർണത്തിലേക്ക് ജമ്പ് ചെയ്ത് ആതിര ദാസ്. സീനിയർ വിഭാഗം പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലാണ് 8.95 മീറ്റർ താണ്ടി ആതിര സ്വർത്തിലേക്കെത്തിയത്.

അരുമാനൂർ എച്ച്.എസ്.എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്. സ്വർണം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് ആതിര പറഞ്ഞു. കാഞ്ഞിരംകുളം വിരാലി സ്വദേശികളായ യേശുദാസ് - അനിത ദമ്പതികളുടെ മകളാണ്.

ഹാമർത്രോയിൽ ആഷ്മിയ്ക്ക്

സ്വർണ സന്തോഷം

മിതൃമ്മല ഗേൾസ് എച്ച്.എസ്.എസിലെ 9-ാം ക്ളാസുകാരി ആഷിമ ഷൈന് ആദ്യ മത്സരത്തിൽ തന്നെ സ്വർണ നേട്ടം.
19.90 മീറ്റർ ദുരമെറിഞ്ഞാണ് സ്വർണം.വിനോദാണ് കോച്ച്.മുതുവിള സ്വദേശിയും ഓഡിറ്റ് വിഭാഗത്തിലെ ഡ്രൈവറുമായി എവർഷൈൻ നിത്യ ദമ്പതികളുടെ മകളാണ് ആഷ്മിക.