
തിരുവനന്തപുരം: ഭരണസംവിധാനത്തിലെ അശ്രദ്ധ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിയമനത്തിലും എത്തിയത് മുതിർന്ന ഐ.എ.എസ് ഓഫീസറെ വെട്ടിലാക്കി. അപേക്ഷിച്ച് കിട്ടിയ കേന്ദ്ര ഡെപ്യൂട്ടേഷൻ നിയമനത്തിന്റെയും സംസ്ഥാനസർക്കാർ നിയോഗിച്ച ചീഫ് ഇലക്ടറൽ ഓഫീസർ പദവിയുടെയും നിയമന ഉത്തരവുകൾ കൈപ്പറ്റിയ പ്രണബ് ജ്യോതിനാഥ്, അനിശ്ചിതത്വങ്ങൾക്കിടെ ഇന്നലെ ചീഫ് ഇലക്ടറൽ ഓഫീസറായി ചുമതലയേറ്റു. കേന്ദ്രഇലക്ഷൻ കമ്മിഷന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതിയോടെയാകും പദിവിയിൽ തുടരുക.
സംസ്ഥാന കായിക യുവജനകാര്യ വകുപ്പിൽ സെക്രട്ടറിയായ പ്രണബ് ജ്യോതിനാഥ്, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് നൽകിയ അപേക്ഷയ്ക്ക് സംസ്ഥാനം എൻ.ഒ.സി നൽകിയിരുന്നു. ഇത് ശ്രദ്ധിക്കാതെ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിക്കാനുള്ളവരുടെ പാനലിലും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊതുഭരണവിഭാഗത്തിലാണോ, ചീഫ് സെക്രട്ടറിക്കാണോ വീഴ്ചയുണ്ടായതെന്ന് വ്യക്തമായിട്ടില്ല.
രണ്ടുനിയമനങ്ങൾ ഒരുമിച്ച് കിട്ടിയ പ്രണബിന് കേന്ദ്രഡെപ്യൂട്ടേഷൻ നിരാകരിക്കാനാവില്ല. അങ്ങനെ ചെയ്താൽ പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് അപേക്ഷിക്കുന്നതിന് പ്രതിസന്ധിയാകും. അതേസമയം സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ താത്കാലികമായെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കേണ്ടതുണ്ട്. ഇത് പരിഗണിച്ച് ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അദ്ദേഹം ഇന്നലെ ചുമതലയേറ്റത്. വിഷയത്തിൽ കേന്ദ്രഇലക്ഷൻ കമ്മിഷനോട് ഉപദേശം തേടിയും കേന്ദ്ര ഡെപ്യൂട്ടേഷനിൽ ചേരുന്നതിന് അല്പം സാവകാശം തേടിയും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളെടുക്കുമെന്നും ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ അറിയിച്ചു.
സംസ്ഥാന പാനലുകൾ തള്ളി
സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന സഞ്ജയ് കൗൾ ആഗസ്റ്റ് 30ന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ നിയമനത്തിന് രണ്ടുതവണ സംസ്ഥാനം പാനൽ നൽകിയെങ്കിലും യോഗ്യൻമാരില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രഇലക്ഷൻ കമ്മിഷൻ തള്ളി. തുടർന്നാണ് പ്രണബ് ജ്യോതിനാഥിന്റെ പേര് ശുപാർശ ചെയ്തത്. ഒഡിഷ സ്വദേശിയായ പ്രണബിന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വർ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിന്റെ ചീഫ് വിജിലൻസ് ഓഫീസറായാണ് നിയമനം. ഒരു ഉദ്യോഗസ്ഥന് ഒരേസമയം രണ്ട് തസ്തികകളിലേക്ക് നിയമന ഉത്തരവ് കിട്ടാനിടയായ സാഹചര്യം ഭരണസംവിധാനത്തിലെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.