
കാട്ടാക്കട: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി മലയോര ഗ്രാമങ്ങൾ. അഗസ്ത്യ വന മേഖലയോട് ചേർന്നുകിടക്കുന്ന കോട്ടൂർ, കാപ്പുകാട്, വ്ലാവെട്ടി, കുറ്റിച്ചൽ, വാഴപ്പള്ളി, ഉത്തരംകോട്, ചപ്പാത്ത്, കള്ളിയൽ, കടമാൻകുന്ന്, ആര്യനാട്, ഈഞ്ചപുരി എന്നീ പ്രദേശങ്ങൾ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി മാറുന്നു. കാട്ട്പോത്തും പന്നിയും കാട്ടാനയും കരടിയുമൾപ്പടെ നാട്ടിലേക്കിറങ്ങിയതോടെ
ആശങ്കയിലാണ് പ്രദേശവാസികൾ. കൃഷി ആശ്രയിച്ചും റബർ ടാപ്പിംഗ് ഉപജീവനമാക്കിയും കഴിയുന്നവരാണ് ഇവിടങ്ങളിലെ മിക്കവരും.
വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ നിവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൃഷി നശിപ്പിക്കുക മാത്രമല്ല, വീട്ടിലെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിന് സമീപത്ത് വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് വന്യമൃഗങ്ങൾ കാപ്പുകാട്ട് ജനവാസ മേഖലകളിലേക്കിറങ്ങുന്നത്. വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് ഉൾപ്പെടെ സ്ഥാപിച്ച് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പുറത്തിറങ്ങാനാവാതെ നിവാസികൾ
ഇലക്ട്രിക്ക് ലൈനുകളിൽ തൂങ്ങി വീടിന് മുകളിലേക്ക് ചാടി ഓടുകൾ എറിഞ്ഞും, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞും, പച്ചക്കറി, വാഴ കൃഷിയിടങ്ങൾ നശിപ്പിച്ചും വീടിനകത്ത് കയറി ഭക്ഷ്യ വസ്തുക്കളും പാത്രങ്ങളും വലിച്ചെറിഞ്ഞുമാണ് വാനരപ്പടയുടെ ലീലാ വിലാസങ്ങൾ. കാട്ട് പോത്ത്, പന്നി ഉൾപ്പെടെ ഇറങ്ങിയാൽ പിന്നെ ഒരിടത്തേക്കും പോകാൻ കഴിയാത്ത സാഹചര്യമാണ്. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ വരെ ഭയന്നാണ് ഇവിടുത്തുകാർ കഴിയുന്നത്. റബർ ടാപ്പിംഗ് തൊഴിലാളികൾക്കും ബുദ്ധിമുട്ടാകുന്നു.
അപകടം തുടർക്കഥ
കോട്ടൂർ ഭാഗത്ത് കാട്ടാനക്കൂട്ടം വന്ന് കൃഷി നശിപ്പിച്ചതും വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചതുമുൾപ്പെടെ അപകടങ്ങൾ തുടർക്കഥയാണ്. മാനുകളും ഭീതി ഉണ്ടാക്കുന്നു. ഇവ അക്രമണകാരി അല്ലെങ്കിലും നായ്ക്കളോ മറ്റോ കടിച്ചു കൊന്നാലോ ഏതെങ്കിലും കാരണത്തിൽ ചത്താലോ പിന്നെ വന നിയമങ്ങൾ പറഞ്ഞു കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന പേടിയും പ്രദേശവാസികൾക്കുണ്ട്. മുമ്പ് വെള്ളനാട് മമ്പള്ളിയിൽ കിണറ്റിലകപ്പെട്ട കരടിയെ രക്ഷപെടുത്തുന്നതിനിടെ ചത്ത് പോയെങ്കിലും കരടി എങ്ങനിവിടെ എത്തിപ്പെട്ടു എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനെതിരെയും ജന ജീവിതം ദുസ്സഹമാക്കുന്നതിനെതിരെയും വനം വകുപ്പ് അടിയന്തരമായി നടപടിയെടുക്കണം.
ഷെഫീഖ് കാപ്പുകാട്.
പ്രദേശവാസി