
തിരുവനന്തപുരം: വാഷിംഗ്ടണിൽ നടന്ന ലോകബാങ്കിന്റെ വാർഷിക യോഗത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്തു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന വിഷയത്തിൽ വിവിധ രാജ്യങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വേൾഡ് ബാങ്ക് ഓപ്പറേഷൻ മാനേജർ അന്ന ബിജേർഡെ ആതിഥേയത്വം വഹിച്ചു. വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ കേപ്പ് വേർഡെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഒലാവോ അവെലിനോ, ഗാഷ്യ കൊറീയ, ആഫ്രിക്കൻ സെന്റർ ഫോർ ഇക്കണോമിക് ട്രാൻസ്ഫർമേഷൻ പ്രസിഡന്റ് മാവീസ് ഒവുസു ഗ്യാഫി എന്നിവർ പങ്കെടുത്തു.
രണ്ട് ആശുപത്രികൾക്ക്
കൂടി ദേശീയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം. പാലക്കാട് പുതക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനവും വയനാട് മുപ്പൈനാട് കുടുംബാരോഗ്യകേന്ദ്രം 96.68 ശതമാനം സ്കോറും നേടി. ഇതോടെ സംസ്ഥാനത്തെ 189 ആശുപത്രികൾ എൻ.ക്യു.എ.എസ് അംഗീകാരവും 82 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ,4 താലൂക്ക് ആശുപത്രികൾ,11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ,128 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് നേടിയിട്ടുള്ളത്. അംഗീകാരത്തിന് മൂന്നുവർഷമാണ് കാലാവധി. അതിനുശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ് ലഭിക്കുന്ന പി.എച്ച്.സികൾക്ക് രണ്ടുലക്ഷം വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
സഹകരണ പെൻഷൻകാർക്ക്
ക്ഷാമബത്ത അനുവദിക്കണമെന്ന്
തിരുവനന്തപുരം: സഹകരണ പെൻഷൻ പരിഷ്കരണത്തിനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സഹകരണമന്ത്രിക്ക് സമർപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.സുകുമാരനും ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണനും ആരോപിച്ചു. സർക്കാർ ജീവനക്കാർക്കും സഹകരണ ജീവനക്കാർക്കും രണ്ടുതവണയായി അഞ്ചുശതമാനം ക്ഷാമബത്ത അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കേരളത്തിലെ പെൻഷൻകാർക്ക് അടിയന്തരമായി ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകി.