
കോവളം: തിരുവല്ലത്ത് ടോൾ പ്ലാസയിലെ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. 56ഓളം തൊഴിലാളികളാണ് ബോണസ് നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 4ഓടെ ജോലി ഉപേക്ഷിച്ച് റോഡിൽ കുത്തിയിരുന്നത്. നിലവിലുണ്ടായിരുന്ന ടോൾപ്ലാസ കരാർ കമ്പനി ഇക്കഴിഞ്ഞ 22ന് മാറിയിരുന്നു. 3 വർഷമായി തൊഴിലാളികൾക്ക് എല്ലാവർഷവും ദീപാവലിയോടനുബന്ധിച്ച് 10,500 രൂപ നൽകുന്നുണ്ടായിരുന്നു.എന്നാൽ ഇത്തവണ ഇത് കമ്പനി അധികൃതർ നൽകാതെ കടന്നുകളഞ്ഞതായി തൊഴിലാളികൾ പറഞ്ഞു.ആഡ്രാപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് തിരുവല്ലത്തെ ടോൾ പ്ലാസ കരാർ ഇപ്പോൾ ഏറ്റെടുത്തത്. ഏറ്റെടുത്ത കമ്പനിയുടെ മാനേജർ കഴിഞ്ഞ ദിവസം തൊഴിലാളികളുടെ മീറ്റിംഗ് വിളിക്കുകയും ബോണസ് വിഷയത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും അറിയിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ ഇന്നലെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ഇടയായതെന്നും തിരുവല്ലം ടോൾ പ്ലാസ ലേബർ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സുധീഷ് പറഞ്ഞു.