1

വിഴിഞ്ഞം: കോട്ടുകാൽ പുന്നക്കുളം തോട്ടിനരികെ ആളൊഴിഞ്ഞ പറമ്പിൽ പുരുഷാസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം മുൻപ് കാണാതായ പുന്നക്കുളം കുരുവിതോട്ടം കൃഷ്ണൻകുട്ടി(60)യുടെ അസ്ഥികൂടമാണെന്ന് വിഴിഞ്ഞം പൊലീസ് . തലയോട്ടി ഉൾപ്പെടെ പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും പരിശോധിച്ചു. സംഭവ സ്ഥലത്തു നിന്ന് ഇയാൾ ധരിച്ചിരുന്ന വസത്രങ്ങൾ കണ്ടെടുത്തിരുന്നു. അസ്ഥികൂടം ആരുടെതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് ,കാണാതായ സമയത്ത് ഇയാൾ ധരിച്ചിരുന്ന പച്ചനിറത്തിലുളള ഷർട്ട് കണ്ടെത്തി. പോക്കറ്റിൽ ഉണ്ടായിരുന്ന പഴ്‌സിൽ നിന്ന് ലഭിച്ച ആധാർകാർഡിൽ നിന്നുമാണ് കൃഷ്ണൻകുട്ടിയുടെ അസ്ഥികൂടമാണെന്ന് സ്ഥിരികരിച്ചതെന്ന് വിഴിഞ്ഞം എസ്.ഐ. എം.പ്രശാന്ത് പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ അദാനി തുറമുഖ കമ്പനിയുടെ വെയർഹൗസിനായി ഏറ്റെടുത്ത സ്ഥലത്തിനും പുന്നക്കുളം തോടിനും ഇടയിലുളള കാടുകയറിയ സ്ഥലത്തെ പ്ലാവിന് താഴെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ പുന്നക്കുളം തോടിന്റെ വലകമ്പനി വരെയുളള കരഭാഗം വ്യത്തിയാക്കുകയായിരുന്നു. തടയണ നിർമ്മിക്കുന്നതിനായി സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് മരച്ചില്ലകൾ ഒടിക്കുന്നതിന് എത്തിയ തൊഴിലാളികളാണ് ആദ്യം തലയോട്ടി കാണുന്നത്.കാണാതായ ദിവസം കൃഷ്ണൻകുട്ടി സമീപത്തെ റോഡിലൂടെ പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതിൽ ധരിച്ചിരിക്കുന്ന പച്ചനിറമുള്ള ഷർട്ടാണ് അസ്ഥികൂടത്തിന് സമീപം നിന്നു ലഭിച്ചത്. അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തെ പ്ലാവിൽ പ്ലാസ്റ്റിക് കയർ കുരുക്കിട്ട നിലയിൽ കണ്ടെത്തി.പ്ലാവിൽ തൂങ്ങിമരിച്ചതാണെന്നും പൊലീസ് പറഞ്ഞു. കാണാതായ ആഗസ്റ്റ് 29ന്

വീട്ടിൽ നിന്ന് പുറപ്പെട്ട് കൃഷ്ൺകുട്ടി സൈക്കിളിൽ വിവിധയിടങ്ങളിൽ സഞ്ചരിച്ചതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. ഈ സൈക്കിൾ കണ്ടെത്തിയിട്ടില്ല. ഇനി ഡി.എൻ.എ പരിശോധന നടത്തണമെന്നും എസ്.ഐ. അറിയിച്ചു. പോസ്റ്റുമാർട്ടത്തിനായി അസ്ഥികൂടം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി. മകൻ അജി.