തിരുവനന്തപുരം: മഴ മാറി സൂര്യൻ കത്തി ജ്വലിച്ചിട്ടും വാടാതെ റവന്യു ജില്ലാ കായികമേളയുടെ രണ്ടാം ദിനവും കാര്യവട്ടം സായി എൽ.എൻ.സി.പിഇയിൽ കൗമരപ്പടയോട്ടം. ഇന്നലത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യദിനം മുന്നിലുണ്ടായിരുന്ന വർക്കലയെ പിന്തള്ളി മൂന്ന് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവുമടക്കം 69 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ല ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 5 സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവുമടക്കം 58 പോയിന്റുമായി തിരുവനന്തപുരം നോർത്ത് രണ്ടാമതും പാലോട് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. വിതുര ഗവ. വി ആൻഡ് എച്ച്.എസ്.എസിന്റെ കരുത്തിൽ ആറ് സ്വർണവും നാല് വെങ്കലവുമടക്കം 34 പോയിന്റാണ് പാലോട് ഇതിനോടകം നേടിയത്.കായികമേള ഇന്ന് അവാസനിക്കും.
കരുത്തോടെ സ്പോർട്സ് സ്കൂളുകൾ
രണ്ടാം ദിനത്തിലും സ്പോർട്സ് സ്‌കൂളുകൾ കരുത്തുകാട്ടി.
ഇന്നലെ നടന്ന 48 ഫൈനലുകളിൽ 20ലും മൈലംജി.വി.രാജ സ്‌പോർട്സ് സ്‌കൂളിലെ കുട്ടികളാണ് സ്വർണം നേടിയത്. തൊട്ടുപിന്നിൽ അയ്യങ്കാളി മെമ്മോറിയൽ സ്‌കൂളും.
ജി.വി.രാജ, അയ്യങ്കാളി മെമ്മോറിയൽ , സായി, സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റൽ ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കുട്ടികൾക്കൊപ്പം പിടിച്ചുനിൽക്കാൻ വിരലിലെണ്ണാവുന്ന സർക്കാർ സ്‌കൂളുകൾക്ക് മാത്രമാണ് കഴിഞ്ഞത്.
കട്ടയ്ക്ക് അരുമാനൂരും വിതുരയും
രണ്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 33 പോയിന്റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂരും, നാല് സ്വർണവും രണ്ട് വെങ്കലവുമടക്കം 22 പോയിന്റുമായി വിതുര ഗവ. വി ആൻഡ് എച്ച്.എസ്.എസുമാണ് ജില്ലയിലെ മികച്ച സർക്കാർ കായിക സ്‌കൂളിനായുള്ള ട്രോഫിക്കായി പോരാടുന്നത്. കഴിഞ്ഞ വർഷം മിന്നും പ്രകടനം നടത്തിയ പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംകുളവും നെടുമങ്ങാട് ഗേൾസും ഇത്തവണ പിന്നിലായി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിന് 62 ഫൈനലുകൾ പൂർത്തിയായപ്പോൾ രണ്ട് സ്വർണം മാത്രമാണ് നേടിയത്. 2022ൽ ജില്ലയിലെ മികച്ച കായിക സ്‌കൂളായ കാഞ്ഞിരംകുളത്തിന് ഒരു സ്വർണം പോലുമില്ല.
പോൾ വോൾട്ടിന് ആരുമില്ല
ഇത്തവണ തലസ്ഥാന ജില്ലയിൽ നിന്ന് പോൾവോൾട്ട് മത്സരത്തിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ ആരുമില്ല.ഇന്നലെ നടത്തിയ മത്സരത്തിൽ പങ്കെടുത്ത ആർക്കും യോഗ്യത നേടാനായില്ല.രണ്ട് മീറ്റർ ഉയരം പോലും കടക്കാൻ മുള കൊണ്ട് ചാടിയ വിദ്യാർത്ഥികൾക്കായില്ല. പരിശീലകരുടേയും ഉപകരണങ്ങളുടെയും അഭാവമാണ് കാരണമായി കുട്ടികളും രക്ഷിതാക്കളും പറയുന്നത്.