
തിരുവനന്തപുരം: ഇടതുമുന്നണിയിലെ രണ്ട് എം.എൽ.എമാരെ കോഴ നൽകി ബി.ജെ.പി ബന്ധമുള്ള അജിത് പവാർ പക്ഷത്തേക്ക് മാറ്റാൻ മുന്നണിയിലെ മറ്റൊരു നിയമസഭാംഗമായ തോമസ്.കെ.തോമസ് ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്താനുള്ള സാദ്ധ്യത കുറവാണ്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് വിജിലൻസിന് അന്വേഷിക്കാമെങ്കിലും അത് സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തന്നെ ബാധിക്കും. അന്വേഷണത്തിന് ഉത്തരവിട്ടാൽ സർക്കാരിന്റെ ഭാഗമായുള്ള മുന്നണിയിലെ മൂന്ന് എം.എൽ.എമാർക്ക് പുറമേ മുഖ്യമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തേണ്ടി വരും.
എം.എൽ.എമാരായ മാരായ ആന്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് നൂറു കോടി രൂപ നൽകാമെന്നുള്ള വാഗ്ദാനം എൻ.സി.പി ശരദ് പവാർ പക്ഷത്തുള്ള തോമസ് കെ തോമസ് നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് ഇവരോട് വിശദീകരണം തേടിയെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആരോപണവിധേയനായ തോമസ്.കെതോമസ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
ഇടതു മുന്നണി യോഗം ഇതേപ്പറ്റി ചർച്ച ചെയ്തിട്ടില്ലെങ്കിലും എൽ.ഡി.എഫിൽ ഭിന്ന സ്വരമാണ് പ്രതിഫലിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്ന് റിപ്പോർട്ടുണ്ടെങ്കിലും പാർട്ടിയിൽ ഗൗരവമായ ചർച്ചയ്ക്ക് ഇത് വഴിവെച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് ശേഷമേ അതിനു സാദ്ധ്യതയുള്ളൂ.
തോമസ്.കെ.തോമസിന്റെ മന്ത്രിമാറ്റത്തിന് കുരുക്കിടാൻ ഒരുക്കിയ ആരോപണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന എൻ.സി.പി, പാർട്ടി യോഗത്തിൽ ചർച്ച ചെയ്യും.
സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം :
തോമസ് കെ.തോമസ്
ആലപ്പുഴ : ഇടത് എം.എൽ.എ മാർക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ബാലിശമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും തോമസ് കെ.തോമസ് എം.എൽ.എ പറഞ്ഞു.
അജിത് പവാറിന്റെ ആളാകാൻ ആദ്യം അമ്പതുകോടി തരേണ്ടത് തനിക്കല്ലേയെന്നും ആരോപണത്തെപ്പറ്റി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും തോമസ് പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. എനിക്ക് മന്ത്രിസ്ഥാനം നിഷേധിക്കാൻ ആസൂത്രണം ചെയ്ത കാര്യങ്ങളാണിത്. ഇതിൽ ഗൂഢാലോചനയുണ്ട്- തോമസ് വ്യക്തമാക്കി.