തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഡ് വിഭജന നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന ദിവസമായ ഒക്ടോബർ 25 കഴിഞ്ഞ് നല്കിയ നിർദ്ദേശങ്ങൾ ഡീ ലിമിറ്റേഷൻ കമ്മീഷൻ അംഗീകരിക്കരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു.വാർഡ് വിഭജനത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും,ഡിജിറ്റൽ രേഖ ലഭിച്ചുവെന്നും,ഇനി സമയമനുവദിക്കില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.എന്നാൽ 26 നും സി.പി.എം നേതാക്കളുടെ നിർദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥർ വാർഡ് വിഭജന പ്രക്രിയ നടത്തുകയാണ്.മാത്രമല്ല സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ 26 നും കരട് രേഖകൾ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. 27 ന് ഞായറാഴ്ചപോലും രഹസ്യ കേന്ദ്രങ്ങളിലിരുന്ന് ചില ഉദ്യോഗസ്ഥരും,സി പി എം നേതാക്കന്മാരും ചേർന്ന് വാർഡ് വിഭജനം നടത്താൻ പോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എൽ.ഡി.എഫ് ഇതര പാർട്ടികൾ ജയിക്കുന്ന വാർഡുകൾ ഇല്ലാതാക്കാനും,വാർഡുകളുടെ പേരുകൾ മാറ്റാനും സി.പി.എം ജില്ലാകമ്മിറ്റിയെടുത്ത തീരുമാനം നടപ്പിലാക്കാൻ പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ സെക്രട്ടറിമാരെ പാർട്ടി നേതൃത്വം സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.