തിരുവനന്തപുരം: ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് എക്‌സ്‌പോർട്ടിംഗ് ബിസിനസ് എന്ന വ്യാജേന പേട്ടയിലെ എ.എസ്.കെ എക്സ്‌പോർട്ടിംഗ് ഗ്രൂപ്പ് പണം തട്ടിയതിനെതിരെ കൂടുതൽ പരാതികൾ.ഇന്നലെവരെ 12 പരാതികൾ ലഭിച്ചെന്ന് പേട്ട പൊലീസ് പറഞ്ഞു.പരാതി പരിശോധിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്.ഇതുവരെ നാലര കോടിയുടെ തട്ടിപ്പാണ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടത്.
അഞ്ച് കോടിക്ക് മുകളിലായാൽ മാത്രമേ ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗം കേസ് ഏറ്റെടുക്കൂ.വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി അതത് സ്റ്റേഷനുകളിൽ സമീപിക്കുമെന്നും പൊലീസ് പറയുന്നു.ഇതുകൂടി കൂട്ടിയാൽ 10 കോടിയെങ്കിലും വരുമെന്നാണ് വിലയിരുത്തുന്നത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ആകാശ്, മാനേജിംഗ് പാർട്ണർമാരായ സേവ്യർ,രമേശ് എന്നിവർക്കെതിരെയാണ് കേസ്.ഇവർ ചിലർക്കൊക്കെ ആദ്യ പണം ഇരട്ടിയായി നൽകി വിശ്വാസം പിടിച്ചെടുത്തു.തുടർന്ന് അത് മുതലാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാർ പറയുന്നു.
70 ഓളം രാജ്യങ്ങളിലേക്കു കയറ്റുമതി ലൈസൻസുണ്ടെന്നും നിക്ഷേപകരെ പാർട്ണറാക്കി വൻതുക ലാഭം നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.ആയുർവേദ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ ഷിപ്പിംഗ് ചാർജ് സഹിതം 10 ലക്ഷം രൂപ നൽകിയാൽ 20 ലക്ഷമായി മൂന്ന് മാസത്തിനകം തിരിച്ച് നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.