തിരുവനന്തപുരം: അരിസ്റ്റോ ജംഗ്ഷൻ തൈക്കാട് റോഡ് തുറക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ഫെബ്രുവരിയിലാണ് സ്മാർട്ട് റോഡ് നിർമ്മാണത്തിനായി റോഡ് അടച്ചത്. പത്തുമാസം പിന്നിട്ടിട്ടും 500 മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് നിർമ്മാണം നാളിതുവരെ പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ജോലികൾ നടക്കുന്നില്ലെന്ന് നിരവധി തവണ മന്ത്രിമാരടക്കമുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.റോഡ് ടാർ ചെയ്യാനുള്ള മെറ്റൽ കിട്ടാനില്ല എന്നതാണ് റോഡുപണി നീളാൻ കാരണമെന്ന് അധികൃതർ പറയുന്നു. റോഡുപണി നടക്കുന്നതിനാൽ സമീപത്തെ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. അതിനാൽ ഒട്ടുമിക്ക സ്വകാര്യ സ്ഥാപനയുടമകളുടെ അവസ്ഥയും പരിതാപകരമാണ്. ഇതിൽ പ്രതിഷേധിച്ച് നവംബർ 1മുതൽ പൊതുജനങ്ങളെയും സ്ഥാപനയുടമകളെയും ഉൾക്കൊള്ളിച്ച് റോഡ് ഉപരോധിക്കാതെ, ഗതാഗത തടസം ഉണ്ടാക്കാതെ നാട്ടുകാർ അനിശ്ചിതകാലസമരം ആരംഭിക്കും.