കഴക്കൂട്ടം: കഠിനംകുളത്ത് യുവാക്കളെ ഹെൽമെറ്റും കമ്പിയും കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ അഞ്ച് പ്രതികൾ അറസ്റ്റിൽ. കഠിനംകുളം സ്വദേശി മുഹമ്മദ്‌ ജാസിം (28), പെരുമാതുറ സ്വദേശികളായ ഷാജഹാൻ (28), ജലീൽ (29), ഷാഹിദ് (30), അൽ അമീൻ(38) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 5ന് പുതുക്കുറിച്ചിയിലായിരുന്നു ആക്രമണം നടന്നത്. മേനംകുളം സ്വദേശി വിപിൻ ബിനോയ് (30), അനുജനായ ബെന്നി ബിനോയ് (28) എന്നിവർക്കാണ് മർദ്ദനമേറ്റത്. മുഹമ്മദ് ജാസിമിന് പതിനയ്യായിരം രൂപയ്ക്ക് പണയമായി വിപിന്റെ ബൈക്ക് നൽകിയിരുന്നു ബൈക്ക് തിരികെ വാങ്ങാനെത്തിയപ്പോൾ അൻപതിനായിരം രൂപ നൽകിയാലേ വാഹനവും രേഖകളും മടക്കി നൽകൂവെന്ന് പറഞ്ഞതോടെ തർക്കമായി. തുടർന്നാണ് മുഹമ്മദ് ജാസിമും നാലു സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിച്ചത്. ഹെൽമെറ്റും ഇടിവളയും ഇരുമ്പു പൈപ്പും കൊണ്ടാണ് ഇവർ ആക്രമിച്ചത്. ഹെൽമെറ്റു കൊണ്ടുള്ള അടിയിൽ ഇരുവർക്കും സാരമായ പരിക്കുപറ്റി. പരിക്കേറ്റവരുടെ പരാതിയിൽ വധശ്രമമടക്കമുള്ള കുറ്റത്തിന് കഠിനംകുളം പൊലീസ് കേസെടുത്തു. രണ്ടാം പ്രതിയായ ഷാജഹാൻ കഠിനംകുളം സ്റ്റേഷനിലെ റൗഡിലിസ്റ്റിലുൾപ്പെടാളാണ് . ഒന്നാം പ്രതിയായ മുഹമ്മദ് ജാസിമും ഷാജഹാനും കഞ്ചാവ് കേസുകളിലെയും പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.