
പാറശാല: നിരവധിപേരിൽ നിന്നായി ഓൺലൈൻ തട്ടിപ്പിലൂടെ വൻ തുക തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികൾ പൊഴിയൂർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി പാറന്നൂർ അരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), സുഹൃത്തും കൂട്ടുപ്രതിയുമായ കോഴിക്കോട് കൊയിലാണ്ടി കോതമംഗലം വരണ്ടയിൽ പൂഞ്ചോല നിന്നു കണ്ണൂർ തലശേരി മുഴിക്കര ദേശത്ത് അന്തോണിമല സുനാമി കോർട്ടേഴ്‌സിൽ മാറി താമസിക്കുന്ന അക്ഷയ (28) എന്നിവരാണ് പിടിയിലായത്. ഓൺലൈനിലൂടെ ചൈനീസ് ഫുഡ് പ്രോഡക്ട്സിന് 5 സ്റ്റാർ റേറ്റിംഗ് നൽകുന്ന ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓരോ റൗണ്ട് കഴിയുമ്പോഴും കമ്മീഷൻ തുക അക്കൗണ്ടിലേക്ക് എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധിപേരെക്കൊണ്ട് സ്വന്തം അക്കൗണ്ടിലേക്ക് തുകകൾ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം കൂടുതൽ തുകകൾ ട്രാൻസ്ഫർ ചെയ്യിപ്പിച്ചതിനെ തുടർന്ന് മുങ്ങുന്ന സംഘത്തിലെ കണ്ണികളാണ് പൊലീസിന്റെ പിടിയിലായത്. ചൈനീസ് ഫുഡ് പ്രോഡക്ട്സിന് കമ്പനിയിൽ ജോബ് വേക്കൻസി ഉള്ളതായ പരസ്യം ടെലിഗ്രാമിൽ കണ്ട് ഓൺലൈനായി സമീപിച്ച കുളത്തൂർ സ്വദേശിയായ ഷെറിൻ എന്നയാളെ പറഞ്ഞ് വിശ്വസിപ്പിച്ച് പല പല അക്കൗണ്ടുകളിലായി നിരവധി തവണകളിലൂടെ ഇരുപത്തിആറര ലക്ഷത്തോളം രൂപ ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചതിനെ തുടർന്ന് മുങ്ങിയിരുന്നു.ഷെറിൻ പൊഴിയൂർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരവെ തിരുവനന്തപുരം ജില്ല പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ തെരച്ചിൽ നടപടികളെ തുടർന്നാണ് പ്രതികൾ പിടിയിലായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി എസിന്റെ നിർദ്ദേശാനുസരണം പൊഴിയൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ആസാദ് അബ്ദുൾകലാമിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജയലക്ഷ്മി, സിവിൽ പൊലീസ് ഓഫീസറായ അജിത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജൻ എന്നവരടങ്ങുന്ന സംഘം പ്രതികളുടെ കോൾ ലിസ്റ്റ്,ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പരിശോധിച്ചതിനെ തുടർന്ന് തലശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്തും ഏറെ സാഹസിഹകമായിട്ടുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.