തിരുവനന്തപുരം : ഓൺലൈൻ ഓഹരി ഇടപാടിലൂടെ ഉയർന്നലാഭ വിഹിതം വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറിൽ നിന്ന് 87.23ലക്ഷം തട്ടിയെടുത്തു. വിദേശത്ത് ഏറെനാൾ ജോലി ചെയ്തശേഷം അടുത്തിടെ നാട്ടിലെത്തിയ ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ പരാതിയിൽ സൈബർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചു തവണയായാണ് തട്ടിപ്പ് നടത്തിയത്. ഓരോവട്ടം ഓരോ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പതിവായി ഓൺലൈൻ ട്രേഡിംഗ് നടത്തുന്ന ഡ‌ോക്ടർക്ക് ഒരുമാസം മുമ്പ് വാട്സ്ആപ്പ് സന്ദേശമായാണ് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. ഇതിനായി സെറോദ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ്ആപ്പ് വഴി മാത്രമായിരുന്നു വിവരങ്ങൾ കൈമാറിയത്.

തട്ടിപ്പുകാർ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞമാസം 25, 26 തീയതികളിലായി 4.50ലക്ഷം നൽകി. പിന്നാലെ ലാഭവിഹിതമായി ഒരുലക്ഷമെത്തി. വിശ്വാസമുറപ്പിച്ച സംഘം പറഞ്ഞതനുസരിച്ച് ഡോക്ടർ കൂടുതൽ പണം അക്കൗണ്ടുകളിലേക്ക് നൽകി. 29നും ഈമാസം ഒന്നിനുമായി 9ലക്ഷം, ഈമാസം 8ന് 10ലക്ഷം,17,18,19 തീയതികളിൽ 63.73ലക്ഷം എന്നിങ്ങനെയാണ് തട്ടിപ്പുകാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി അയച്ചത്. ഓരോതവണ പണമയക്കുമ്പോഴും വ്യാജ ആപ്പിന്റെ വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഇക്കാര്യം പറഞ്ഞ് സന്ദേശമയച്ചപ്പോൾ ഇൻഷ്വറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി. ലാഭവിഹിതത്തിൽ നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും നടന്നില്ല. പിന്നാലെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.