
വർക്കല: വർക്കല- കല്ലമ്പലം- ആറ്റിങ്ങൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.20 ഓടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്നും യാത്രക്കാരുമായി വർക്കല മൈതാനം ബസ് സ്റ്റാൻഡിന് മുന്നിലെത്തിയ പൊന്നൂസ് എന്ന ബസിന്റെ മുന്നിൽ നിന്നാണ് പുക ഉയർന്നത്. ഈ സമയം ഇരുപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ മിലാൻ ഉടൻ ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കി. ബസിനെ ഒന്നാകെ പുക മൂടിയതോടെ സമീപത്തെ പെട്രോൾ പമ്പിൽനിന്ന് മിലൻ ഫയർ എക്സിറ്റിംഗ്യൂഷർ
കൊണ്ടുവന്ന് അടിക്കുകയും തീപിടിത്ത സാദ്ധ്യത ഒഴിവാക്കുകയും ചെയ്തു. മിലാന്റെ സമയോചിതമായ ഇടപെടലാണ് ആളപായവും ബസ് തീപിടിക്കാനുള്ള സാദ്ധ്യതയും ഒഴിവാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞ് വർക്കല ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഹോസ് ഉപയോഗിച്ച് കൂടുതൽ വെള്ളമൊഴിച്ച് പുക കെടുത്തി. ബസിന്റെ എഞ്ചിൻ കേബിളിലെ ബാറ്ററി ഷോർട്ട് സർക്യൂട്ടായതാണ് പുക ഉയരാൻ കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ വിലയിരുത്തൽ.