brain

എല്ലാ വർഷവും ഒക്ടോബർ 29നാണ് ലോക സ്ട്രോക്ക് (പക്ഷാഘാതം) ദിനം ആചരിക്കുന്നത്. ലോകത്ത് ചെറുപ്പക്കാരിൽ ഉൾപ്പെടെ സ്ട്രോക്ക് സാദ്ധ്യത വർദ്ധിക്കുമ്പോൾ ഈ ദിനത്തിനും പ്രാധാന്യം കൂടുന്നു. 2016ലെ ഗ്ലോബൽ ബർഡൻ ഒഫ് ഡിസീസ് ഡാറ്റ പ്രകാരം നാലിൽ ഒരാൾക്ക് സ്ട്രോക്ക് സാദ്ധ്യതയുണ്ട്. ഓരോ മൂന്ന് സെക്കന്റിലും ഒരാൾക്ക് സ്‌ട്രോക്കുണ്ടാകുന്നതായായാണ് കണക്കുകൾ. ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷത്തിൽ 172 പേർ വരെ സ്‌ട്രോക്ക് ബാധിതരാകുന്നു. കേരളത്തിൽ ഇത് 135 പേർക്കാണ്. ആഗോളതലത്തിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണവും വൈകല്യങ്ങൾക്ക് മൂന്നാമത്തെ പ്രധാനകാരണവുമിതാണ്. പ്രായമായ ജനസംഖ്യയുടെ വർദ്ധനവും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദവുമാണ് സ്ട്രോക്കിന് പ്രധാനമായും വഴിയൊരുക്കുന്നത്.


രണ്ടുതരം സ്‌ട്രോക്കും കാരണങ്ങളും

തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം കുറയുന്നതുകൊണ്ടും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം സംഭവിക്കുന്നത് മൂലവുമാണ് സ്‌ട്രോക്കുണ്ടാകുന്നത്. രക്തക്കുഴലുകളിൽ ബ്ലോക്ക് കാരണമുണ്ടാകുന്നതാണ് ഇസ്‌കീമിക് സ്‌ട്രോക്കുകൾ. സ്‌ട്രോക്കുകളിൽ 70ശതമാനവും ഇത്തരത്തിലുള്ളതാണ്. രക്താതിമർദ്ദം, പ്രമേഹം, അമിതവണ്ണം, പുകവലി, മോശം ഭക്ഷണക്രമം തുടങ്ങിയ വാസ്‌കുലർ അപകടസാദ്ധ്യതാ ഘടകങ്ങളുടെ ഉയർന്ന വ്യാപനമാണ് ഇസ്‌കീമിക് സ്‌ട്രോക്കുകൾക്ക് കാരണം.

ഉയർന്ന രക്തസർമ്മദ്ദത്താൽ രക്തക്കുഴലുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴാണ് ഹെമറാജിക് സ്‌ട്രോക്കുകളുണ്ടാകുന്നത്. ഓരോ വർഷവും ആഗോളതലത്തിൽ 9.6 ദശലക്ഷം ഇസ്‌കീമിക് സ്‌ട്രോക്കുകളും 4.1ദശലക്ഷം ഹെമറാജിക് സ്‌ട്രോക്കുകളുണ്ടാകുന്നതായാണ് കണക്ക്. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ചെറുപ്പക്കാരിൽ സ്ട്രോക്കിന് കാരണമാകും.

തിരിച്ചറിയണം അതിവേഗം
മുഖം ഒരുവശത്തേക്ക് കോടുക, കൈ കാലുകളുടെ ബലഹീനത, സംസാരത്തിലെ കുഴച്ചിൽ, നടക്കുമ്പോൾ ഒരു വശത്തേക്ക് വേച്ചു പോവുക, കാഴ്ച പ്രശ്നങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇവ നേരത്തേ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. വൈകുന്ന ഓരോ മിനിറ്റിലും 1.9 ദശലക്ഷം ന്യൂറോണുകൾ നശിക്കും. കേടാകുന്ന കോശങ്ങൾ പുനർജനിക്കില്ല. അതിനാൽ ഓരോ സെക്കൻഡും നിർണായകമാണ്. രോഗലക്ഷണങ്ങളുടെ ആരംഭത്തിനും ചികിത്സയ്ക്കും ഇടയിലുള്ള സമയം വർദ്ധിക്കുന്നതിനനുസരിച്ച് തലച്ചോറിലെ നാഡീകലകൾ അതിവേഗം നഷ്ടപ്പെടും. ഇത് രോഗമുക്തിയെ ബാധിക്കും.

ലക്ഷണങ്ങൾ കണ്ടാൽ
ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി സ്‌ട്രോക്കിന്റെ അടിയന്തിര ചികിത്സകൾ ലഭ്യമാകുന്ന സ്ട്രോക്ക് ആശുപത്രികളിൽ എത്തിക്കണം. കാഷ്വാലിറ്റി, സി.ടി സ്‌കാൻ, ക്ലോട്ട് അലിയിച്ചു കളയാനുള്ള മരുന്ന് നൽകുക എന്നീ സേവനങ്ങൾ 24 മണിക്കൂറും നൽകുന്ന ആശുപത്രികളാണ് സ്‌ട്രോക്ക് റെഡി ഹോസ്‌പിറ്റലുകൾ. സ്‌ട്രോക്കിന്റെ ചികിത്സയിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ അറിവും അനുഭവവും ആവശ്യമാണ്. ലക്ഷണങ്ങളുള്ള രോഗിയെ സ്കാനിംഗിലൂടെയാണ് അവസ്ഥ നിർണയിക്കുന്നത്. ഇതനുസരിച്ചാണ് ചികിത്സ. സ്ട്രോക്ക് വന്നയാളുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് അടിയന്തിര ചികിത്സ. ഇൻട്രാവീനസ് ത്രോംബോലൈസിസ്, എൻഡോവാസ്‌കുലർ ത്രോംബെക്ടമി എന്നീ ചികിത്സകളാണ് ഇതിനായി നൽകുന്നത്.

അടിയന്തരഘട്ടങ്ങളെ നേരിടാൻ
കട്ടപിടിച്ച രക്തം (ക്ളോട്ട്) അലിയിച്ചു കളയുന്ന മരുന്ന് സിരയിലൂടെ കുത്തിവെയ്പ്പായി നൽകുന്ന ചികിത്സയാണ് ഇൻട്രാവീനസ് ത്രോംബോലൈസിസ്. സ്‌ട്രോക്ക് രോഗികൾക്ക് ലക്ഷണങ്ങൾ തുടങ്ങി പരമാവധി 5 മണിക്കൂറിനുള്ളിൽ ഇൻട്രാവീനസ് ത്രോംബോലൈസിസ് നൽകണം. വലിയ ധമനികളിലെ തടസം മൂലമുണ്ടാകുന്ന സ്ട്രോക്ക് മാരകമാണ്. അത്തരം സന്ദർഭങ്ങളിൽ രോഗികളെ അടിയന്തിരമായി കാത് ലാബിലേക്ക് മാറ്റി തുടയിലെ രക്തധമനി വഴി ആൻജിയോഗ്രാം നടത്തി മെക്കാനിക്കൽ ത്രോംബെക്ടമി ചെയ്ത് ക്ലോട്ട് നീക്കം ചെയ്യുന്നതാണ് എൻഡോവാസ്‌കുലർ ത്രോംബെക്ടമി. ലക്ഷണങ്ങൾ തുടങ്ങി ആറു മണിക്കൂറിനുള്ളിൽ ഇത് നൽകണം. വിരളമായി വലിയ സ്‌ട്രോക്ക് മൂലം തലച്ചോറിനുള്ളിൽ കടുത്ത സമ്മർദ്ദം ഉണ്ടാകുന്ന രോഗികളിൽ ന്യൂറോസർജൻ ഡീകംപ്രസീവ് ക്രെനിയക്ടമി എന്ന ശസ്ത്രക്രിയ ശുപാർശ ചെയ്യാം.


സ്‌ട്രോക്ക് പിന്തുടരുമോ ?

അഞ്ച് മുതൽ 15ശതമാനം പേർക്ക് ഒരു വർഷത്തിനുള്ളിൽ വീണ്ടും സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതയുണ്ട്. രോഗത്തെ അതിജീവിക്കാൻ രോഗി ജീവിതകാലം മുഴുവൻ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കണം. കൂടാതെ രക്താതിമർദ്ദം, പ്രമേഹം, കൊളോസ്റ്ററോൾ എന്നിവയുടെ പതിവ് പരിശോധനയും ചികിത്സയും ഉറപ്പാക്കണം. പുകവലി നിർത്തൽ, പതിവ് വ്യായാമങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണത്തിനുള്ള ശരീരഭാരം നിയന്ത്രിക്കൽ തുടങ്ങിയ ജീവിതശൈലി ക്രമീകരണങ്ങളും ശീലിക്കണം.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തുടങ്ങി 24 മുതൽ 48മണിക്കൂറിനുള്ളിൽ ഫിസിയോതെറാപ്പി ആരംഭിക്കാം. ഇത് ശരിയായ പുനരധിവാസത്തിന് സഹായിക്കും. ശരിയായ ശാരീരികവും മാനസികവുമായ വ്യായാമത്തിലൂടെ, സ്‌ട്രോക്കിന് ഇരയായ ഒരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ അവസരം ഒരുക്കാം.

വിളിക്കാം 24മണിക്കൂറും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള കോംപ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രോക്ക് ഹെൽപ്പ് ലൈൻ നമ്പരായ 99463 32963 വിളിച്ച് അടിയന്തര സേവനം തേടാം.

( നോഡൽ ഓഫീസർ സ്ട്രോക്ക് സെന്റർ ആൻഡ് കാത്ത് ലാബ്, പ്രൊഫസർ ന്യൂറോളജി, തിരുവനന്തപുരം മെഡിക്കൽ കോളേജ്)