തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ വനിതാ ഡോക്ടറുടെ 87.23 ലക്ഷം തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ കംബോഡിയ,​വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും എ.ടി.എം വഴി പണം പിൻവലിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ നിതിൻരാജ് അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.സി.പി അറിയിച്ചു.

ഏറെനാൾ വിദേശത്ത് ജോലി ചെയ്ത് അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയ ഉള്ളൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.ഓൺലൈൻ ഓഹരി ഇടപാടിലൂടെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഡോക്ടറെ വലയിൽ വീഴ്‌ത്തിയത്.ഓരോ പ്രാവശ്യവും വ്യത്യസ്ത അക്കൗണ്ടിലേക്കാണ് പണം നൽകിയത്.പതിവായി ഓൺലൈൻ ട്രേഡിംഗ് നടത്തുന്ന ‌ഡോക്ടർക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒരു മാസം മുൻപാണ് വാട്‌സ് ആപ് സന്ദേശം എത്തിയത്.

ഇതിനായി സെറോദ എന്ന മൊബൈൽ ആപ്ളിക്കേഷൻ ഡൗൺലോ‌ഡ് ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. കഴിഞ്ഞമാസം 25,26 തീയതികളിലായി 4.50 ലക്ഷം നൽകി.പിന്നാലെ ലാഭവിഹിതമായി ഒരുലക്ഷമെത്തി.തുടർന്ന് ഈ മാസം 19 വരെയുള്ള തീയതികളിൽ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് വനിതാ ഡോക്ടർ പണമയച്ചു.

ഓരോ തവണ പണമയയ്ക്കുമ്പോഴും വ്യാജആപ്പിന്റെ വാലറ്റിൽ ലാഭവിഹിതം കാണിക്കുന്നുണ്ടായിരുന്നു.പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.ഇൻഷ്വറൻസ് ഇനത്തിലും മറ്റുമായി പണമടച്ചാലേ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി.ലാഭവിഹിതത്തിൽ നിന്ന് ഈടാക്കാൻ പറഞ്ഞപ്പോൾ നടക്കാതെയായതോടെയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്.

ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നുണ്ട്.വിദേശത്തുനിന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

എസ്.ഹരിശങ്കർ,സൈബർ

ഓപ്പറേഷൻസ് എസ്.പി