
'രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഇവർ. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണില്ല. പുതിയ കാൽപ്പാടുകൾ പഴയ കാൽപ്പാടുകളെ മായ്ക്കും..." എസ്.കെ.പൊറ്റെക്കാട് 'ഒരു തെരുവിന്റെ കഥയിൽ" ഇങ്ങനെ കുറിച്ചു. സ്ഥിരമായി ഒരു സ്ഥലമില്ലാതെ,പൊടിപടലങ്ങൾ നിറഞ്ഞ തെരുവിന്റെ ഓരത്ത് സാധാരണക്കാരെയും കാത്തിരിക്കുന്നവർ. വഴിയോരക്കച്ചവടക്കാർ ! വൻകിട മാളുകളെയും ഷോപ്പിംഗ് സ്ഥാപനങ്ങളെയും തോൽപ്പിക്കുന്നതല്ല ഇവരുടെ ലക്ഷ്യം. വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം പേർക്കും സ്വന്തമായൊരു വീടെന്നത് ഇന്നുമൊരു സ്വപ്നമാണ്. നടപ്പാത കൈയേറാതെയും നിയമം അനുശാസിച്ചും കച്ചവടം ചെയ്യുന്നവർക്കും പോലും പിടിച്ചുനിൽക്കാനാവുന്നില്ല.
കടകളിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കാവും വഴിയോരക്കച്ചവടക്കാർ സാധനങ്ങൾ നൽകുന്നത്. പഴങ്ങൾ,പച്ചക്കറി,കീചെയിൻ,ചെരിപ്പുകൾ,തോർത്തുകൾ,ഫാൻസി ആഭരണങ്ങൾ തുടങ്ങിയവ നടന്നും നിന്നും ഉന്തുവണ്ടിയിൽ കൊണ്ടുപോയും വിൽക്കുന്ന ഇവർക്ക് ഏറ്റവും വെല്ലുവിളിയാകുന്നത് കാലാവസ്ഥയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഴ കാരണം കച്ചവടം കുറവാണ്. സീതപ്പഴം,ഓറഞ്ച് മുതലായ പഴങ്ങൾ വേഗം കേടുവരുമെന്ന് കച്ചവടക്കാർ പറയുന്നു. 300 രൂപയുടെ കച്ചവടം പോലും ലഭിക്കാത്ത ദിവസങ്ങളുണ്ട്. തിരിച്ചടയ്ക്കാത്ത ലോണുകളുടെ കഥകളാണ് കച്ചവടക്കാർക്ക് പറയാനുള്ളത്.
വലയുന്നത് സ്ത്രീകൾ
'വെള്ളം കുടിക്കാൻ ഭയമാണ്. ടോയ്ലെറ്റ് സൗകര്യമില്ലാത്തത് ബുദ്ധിമുട്ടാണ്." പാളയത്തെ വഴിയോരക്കച്ചവടക്കാരി ദുഃഖം പങ്കിട്ടു. വഴിയോരക്കച്ചവടക്കാർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നത് ഇവരുടെ ദീർഘനാളത്തെ ആവശ്യമാണ്. കച്ചവടക്കാർക്ക് പോയിരിക്കാൻ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിശ്രമകേന്ദ്രങ്ങൾ വേണമെന്ന് ചിലർ നിർദ്ദേശിച്ചു. കിഴക്കേകോട്ടയിൽ മുമ്പ് ഇവർക്കായി ടോയ്ലെറ്റ് ഉണ്ടായിരുന്നു. രാവിലെ എത്തുന്ന കച്ചവടക്കാർ സമീപത്തെ കടകളിലെ ടോയ്ലെറ്റാണ് ആശ്രയിക്കുന്നത്. സ്‌കൂൾ അവധിക്കാലത്ത് മക്കളെയും ഒപ്പം കൊണ്ടുവരുന്നവരുണ്ട്. ഇവരെ ഇരുത്താനും സ്ഥലമില്ല. കേന്ദ്ര പദ്ധതിയായ പി.എം സ്വാനിധിയിലൂടെ ഈടില്ലാതെ ലോൺ ലഭിക്കുമെങ്കിലും പദ്ധതി കൂടുതൽ പേരിലേക്ക് എത്തുന്നില്ല.
വീട്ടിൽ പോകാൻ ഭയം
കച്ചവട സാമഗ്രികൾ റോഡിന്റെ ഒരുവശത്ത് വച്ചിട്ടാണ് പലരും വീട്ടിലേക്ക് പോകുന്നത്. എന്നാൽ,സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. കിഴക്കേകോട്ടയിൽ സോഡ കച്ചവടം ചെയ്യുന്ന സഫിയയുടെ കുപ്പികൾ പലവട്ടം മോഷണം പോയിട്ടുണ്ട്. പണം നൽകാതെ മുങ്ങുന്ന സംഘങ്ങളുമുണ്ട്. രാത്രി ടാർപ്പാളിൻ വിരിച്ചിട്ടാണ് വീട്ടിലേക്ക് പോകുന്നത്. സാമൂഹ്യവിരുദ്ധർ ടാർപാളിനിൽ സിഗററ്റ് കൊണ്ട് കുത്തും. തീ ആളിപ്പടർന്ന് സാധനങ്ങൾ നശിക്കും. അന്യസംസ്ഥാനത്തുനിന്നെത്തുന്ന കച്ചവടക്കാർ വ്യാപാരം മറയാക്കി മോഷണം നടത്താറുണ്ട്. സത്യസന്ധമായി കച്ചവടം ചെയ്യുന്നവരെയും ഇത് സംശയത്തിന്റെ നിഴലിലാക്കുന്നു.