waste

തിരുവനന്തപുരം: കിഴക്കേകോട്ട ശ്രീ ചിത്തിരതിരുനാൾ പാർക്കിന് മുന്നിലെ പാർക്കിംഗ് ഏരിയായിൽ മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സിയുടെ പാർക്കിംഗ് ഏരിയായിലാണ് ഇത്രയും മാലിന്യം കുന്നുകൂടുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്നവരും മറ്റ് യാത്രക്കാരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഇങ്ങനെ എത്തുന്നവരാണ് കൂടുതലും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്നാണ് സമീപത്തെ കച്ചവടക്കാരുടെ പരാതി. ഭക്ഷണ അവശിഷ്ടങ്ങൾ,​ പ്ലാസ്റ്റിക് കുപ്പികൾ,​ കവറുകൾ,​ പ്ളേറ്റുകൾ,​ കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കൂടുതലും. ഭക്ഷണ അവശിഷ്ടമുള്ളതിനാൽ തെരുവ് നായ്ക്കളും ദുർഗന്ധവും നാൾക്കുനാൾ വർദ്ധിക്കുന്നു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പൊതുവായ ആവശ്യം.

 ഇനി വേണ്ടത്

നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടെ മാലിന്യ നിക്ഷേപത്തിനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഒപ്പം മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള ബോർഡുകൾ സ്ഥാപിക്കണമെന്നും യാത്രക്കാർക്കും ഡ്രൈവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ശേഖരിക്കുന്ന മാലിന്യം കൃത്യമായി നീക്കംചെയ്യണമെന്നും ആവശ്യമുണ്ട്.