
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ എന്നു പറയുന്നതുപോലെ തന്നെ സംഗതമായ പ്രയോഗമാണ് അവ ജനാധിപത്യത്തിലെ 'കാവൽ നായ്ക്കൾ " എന്നു പറയുന്നതും. അതായത് watch dog ആണ് മാദ്ധ്യമങ്ങൾ. വാച്ച് ഡോഗിന്റെ ജോലി ജനാധിപത്യ സംവിധാനത്തിന് അപകടമുണ്ടാക്കുന്ന, ജനാധിപത്യത്തിലെ പുഴുക്കുത്തുകൾക്കു നേരെ കുരയ്ക്കുക മാത്രമല്ല, അവരെ കടിക്കുക കൂടി ചെയ്യേണ്ടത് മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യത്തിലെ പ്രവണതകളും സംഭവവികാസങ്ങളും ഇറച്ചിക്കടയിലേതുപോലെ ആയാൽ 'ആ ഇറച്ചിക്കടയ്ക്കു മുന്നിൽ ചെന്ന് കടിപിടി കൂടേണ്ട അവസ്ഥ മാദ്ധ്യമങ്ങൾക്കുണ്ടാകും. അങ്ങനെ മാദ്ധ്യമപ്രവർത്തകർ കുരയ്ക്കുകയോ കടിക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും? അഥവാ മാദ്ധ്യമങ്ങൾ അങ്ങനെ ഇറച്ചിക്കടയ്ക്കു മുന്നിൽ നിൽക്കുന്ന പട്ടികളെപ്പോലെ ആകാതിരിക്കണമെങ്കിൽ, ജനാധിപത്യ സംവിധാനത്തെ ഇറച്ചിക്കടയാക്കുന്നവർ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ തയ്യാറാവുകയാണു വേണ്ടത്. ജനാധിപത്യത്തെ ജനകീയ അഭിലാഷങ്ങൾ പൂത്തുലയുന്ന ജീവിതരീതിയാക്കാൻ സ്വയം സജ്ജരായി ഇറങ്ങുന്നവർ അതു ചെയ്യുകയാണെങ്കിൽ പിന്നെ ഇത്തരക്കാർക്ക് ഇറച്ചിക്കടകൾക്കു മുന്നിലെ പട്ടികളാകേണ്ടി വരില്ല സർ.
രാഷ്ട്രീയത്തിന്റെ ലാഭ നഷ്ടക്കള്ളികളിൽ ചതുരംഗം കളി തകൃതിയായി നടത്തുമ്പോൾ ആ കളികൾക്കു പിന്നിലെ അണിയറക്കഥകൾ തേടി പോവുക തന്നെ മാദ്ധ്യമങ്ങൾ ചെയ്യും. അത് അവരുടെ പണിയാണ്. ചിലപ്പോൾ അവർ മുരളും. ചിലപ്പോൾ കുരയ്ക്കും. അതുമല്ലെങ്കിൽ കടിച്ചെന്നും വരും. അതൊഴിവാക്കണമെങ്കിൽ അത്തരം ഇറച്ചിക്കടകൾ തുറക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുകയല്ലേ വേണ്ടത്?
സർ, കേട്ടു കാണും. നായ മനുഷ്യനെ കടിച്ചാൽ വാർത്തയല്ല, മറിച്ച് മനുഷ്യൻ നായയെ കടിച്ചാൽ അതു വാർത്തയാണ്. ഇത് പണ്ട് അമേരിക്കയിലെ ന്യൂയോർക്ക് ട്രിബ്യൂൺ എന്ന പത്രത്തിന്റെ എഡിറ്റർ ചാൾസ് ആൻഡേഴ്സൺ ഡാനയുടെ വാക്കുകളാണ്. പത്രപ്രവർത്തന വിദ്യാർത്ഥികളോട് കാലങ്ങളായി അദ്ധ്യാപകർ പറഞ്ഞു കൊടുക്കുന്ന കാര്യമാണിത്. അസാധാരണമായതോ പുതുമ നിറഞ്ഞതോ ആയ സംഭവങ്ങളാണ് വാർത്തയാകുന്നത് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അത്തരം അസാധാരണമായ എന്തുണ്ടായാലും അതിനു പിന്നാലെ മാദ്ധ്യമ പ്രവർത്തകർ പോവുക തന്നെ ചെയ്യും. അതിന് പട്ടി പ്രയോഗമൊക്കെ നടത്തി അധിക്ഷേപം ചൊരിഞ്ഞതുകൊണ്ട് പട്ടികൾ പുറകേ പോയ കാര്യത്തിന്റെ ഗൗരവം ഇല്ലാതാകുന്നില്ല.
പിന്നെ, വലിയ കുറ്റാന്വേഷകർക്കു പോലും തെളിയിക്കാൻ കഴിയാത്ത പല ദുരൂഹതകളും വെളിച്ചത്തു കൊണ്ടുവരുന്നത് പരിശീലനം ലഭിച്ച പട്ടികളാണെന്നോർക്കണം. ഇത്തരം പല പട്ടികളെയും ഉന്നത പൊലീസുകാരൊക്കെ സല്യൂട്ട് ചെയ്യുന്നതും, സർ എന്നു വിളിക്കുന്നതുമൊക്കെ കണ്ടിട്ടില്ലേ? അത്തരം പട്ടികൾ ചാകുമ്പോൾ പൊലീസുകാർ ബുൂഗിൾ മുഴക്കുകയും, ലാസ്റ്റ് പോസ്റ്റ് ആലപിക്കുകയും ചെയ്ത് ഔദ്യോഗിക ബഹുമതി നൽകുന്ന ആചാരവും കണ്ടിട്ടില്ലേ?
അതുകൊണ്ട് പട്ടികൾ ചില്ലറക്കാരൊന്നുമല്ല കേട്ടോ.രാഷ്ട്രീയ വനവാസം കഴിഞ്ഞ് സജീവമാകുമ്പോൾ മറ്റു പലരും പടവുകൾ കേറി പോകുന്നതിന്റെ നിരാശ സ്വാഭാവികമാണ്. അതിന്റെ പ്രതിഫലനം ഇങ്ങനെ പലവിധത്തിൽ വരുമായിരിക്കും.