road

വക്കം: ശക്തമായ മഴയിൽ വക്കം ഗ്രാമപഞ്ചായത്തിലെ ഇടറോഡുകളിൽ വെള്ളകെട്ട് രൂക്ഷമാകുന്നു. ഇടറോഡുകൾ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് വക്കം. വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്തെ റോഡ് കുണ്ടും കുഴിയുമായതിനാൽ അപകടങ്ങളും പതിവായിരിക്കുകയാണ്. പലഭാഗത്തും തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ കാൽനട യാത്രയുൾപ്പെടെ ദുഷ്കരമാണ്. മിക്ക പ്രദേശങ്ങളിലും റോഡുകളിൽ വെള്ളകെട്ട് രൂക്ഷമായതിനാൽ വീടുകൾക്കുള്ളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ്.

പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പൊട്ടിപൊളിഞ്ഞ് തകർന്ന നിലയിലാണ്. വെളിവിളാകം, പാട്ടത്തിൻമുക്ക്, രണ്ടാംഗേറ്റ് ജംഗ്ഷൻ, സൊസൈറ്റി ജംഗ്ഷനു പിറകിലുള്ള റോഡ്, ആങ്ങാവിള ഭാഗത്തെ റോഡുകൾ എന്നിവിടങ്ങൾ ടാർ ചെയ്തിട്ട് വർഷങ്ങളാകുന്നു. മിക്ക റോഡുകളുടെയും വശങ്ങളിൽ ഓടകളില്ലാത്തതും ഓടകളിൽ മാലിന്യങ്ങൾ കുന്നുകൂടി വെള്ളം ഒലിച്ചു പോകാനാകാത്ത അവസ്ഥയിലുമാണ്.

വികസനവും വെള്ളത്തിൽ

മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി ഓട വൃത്തിയാക്കൽ കാര്യക്ഷമമായിരുന്നെങ്കിൽ നിലവിലെ വെള്ളക്കെട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമായേനെ. ചില ഇടറോഡുകളിൽ അശാസ്ത്രീയമായി ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ റോഡ് വികസനവും വെള്ളത്തിലായി. കോൺക്രീറ്റ് റോഡുകൾക്ക് പകരം ഇന്റർലോക്ക് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിൽ വെള്ളം പോകുവാനുള്ള സൗകര്യമുണ്ടാകുമായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.

യാത്രക്കാർ ദുരിതത്തിൽ

റോഡുകളിൽ ചെളിവെള്ളക്കെട്ട് രൂക്ഷമായതോടെ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും ബുദ്ധിമുട്ടിലായി. കുണ്ടും കുഴിയും നിറഞ്ഞതിനാൽ റോഡുകളിൽ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡ് വൃത്തിയാക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും തടസമെന്ന് പഞ്ചായത്ത് ആരോപിക്കുന്നു. മുൻപ് ലഭിച്ചുകൊണ്ടിരുന്ന തുകയേക്കാൾ കുറവാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അതുപോലും യഥാസമയം കിട്ടാറില്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

ഓടകൾ വൃത്തിയാക്കണം

ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുക്കി വിട്ട് നിലവിലെ വെള്ളക്കെട്ടുകൾക്ക്‌ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാതെ കെട്ടിക്കിടന്നാണ് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞത്. റോഡ് നന്നാക്കുവാൻ പലപ്പോഴും പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. എത്രയും വേഗം റോഡ് നന്നാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പ്രദേശവാസികൾ പറയുന്നു.