വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്ത് തേക്കുപാറ സാംസ്കാരിക നിലയത്തിൽ പ്രവർത്തിച്ചിരുന്ന 102ാം നമ്പർ അംഗൻവാടി കെട്ടിടം പുനർ നിർമ്മിക്കാനും സ്മാർട്ടാക്കാനും വേണ്ടി മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചു നീക്കിയത്. പകരം സ്ഥലം ലഭിക്കാതെ വന്നതോടെ കുട്ടികളെ അദ്ധ്യാപികയുടെ വീട്ടിൽ പരിമിതമായ സ്ഥലത്തിരുത്തിയാണ് പരിപാലിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 7ലക്ഷവും ഐ.സി.ഡി.സി 7 ലക്ഷം രൂപയും ചെലവാക്കിയാണ് നിർമ്മാണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കെട്ടിട പണികൾ ഏതാണ്ട് പൂർത്തിയായെങ്കിലും യാതൊരു സ്മാർട്ടുമായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പണിപൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. 2 കി.മീ അകലെയുള്ള അംഗൻവാടിയിൽ കുട്ടികളെ കൊണ്ടുപോയി പഠിപ്പാക്കാനായിരുന്നു ഐ.സി.ഡി.സി നിർദ്ദേശം. എന്നാൽ രക്ഷിതാക്കൾ തയ്യാറായില്ല. വാടക കെട്ടിടങ്ങൾ ലഭിക്കാതായതോടെ അദ്ധ്യാപികയുടെ വീട്ടിൽ തന്നെ കുട്ടികളെയിരുത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. കെട്ടിടം പ്രോജക്ടിൽ പറഞ്ഞ പ്രകാരമാണോ പണികഴിപ്പിച്ചതെന്ന് പരിശോധിച്ച് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറാകണമെന്ന് രക്ഷകർത്താക്കൾ പഞ്ചായത്ത് അധികൃതരോടും ഐ.സി.ഡി.സി പ്രോജക്ട് ഓഫീസറോടും ആവശ്യപ്പെട്ടു.