
തിരുവനന്തപുരം : പ്രമേഹരോഗികളെ വേട്ടയാടുന്ന മുറിവുകളെ വേഗത്തിലുണക്കാൻ കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗം വികസിപ്പിച്ച മരുന്നിന് പേറ്റന്റ് ലഭിച്ചു. റിസർച്ച് സ്കോളർ ഫാത്തിമ റുമൈസയുടെ ഗവേഷണമാണ് മുറിവിൽ ബാന്റേജ് പോലെ ഒട്ടിച്ചുവയ്ക്കാനാകുന്ന ഹൈഡ്രോജെൽ വികസിപ്പിച്ചത്. ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ.മിനിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഫാത്തിമ തീസിസ് സമർപ്പിക്കാനൊരുങ്ങുന്നതിനിടെ പേറ്റന്റിനുവേണ്ടി ഇന്ത്യൻ പേറ്റന്റ് ഓഫീസിനെ കേരള സർവകലാശാല സമീപിച്ചു. പേറ്റന്റ് ലഭിച്ചതോടെ സർവകലാശാലയ്ക്കും അഭിമാനമായി.
പ്രമേഹരോഗികളിലെ ഉണങ്ങാത്ത മുറിവുകൾ അവയവങ്ങൾ മുറിച്ചുമാറ്റുന്നതിനും കാരണമാകും. ഇത്തരം മുറിവുകൾക്കുള്ള മരുന്നുകൾ ചെലവേറിയതാണ്.ഈ സാഹചര്യത്തിലാണ് ഫാത്തിമ പ്രമേഹ രോഗികളിലെ മുറിവ് ഉണക്കൽ എന്ന വിഷയത്തിൽ ഗവേഷണം ആരംഭിച്ചത്. ആന്റിഓക്‌സിഡന്റായ ഫെറൂലിക് ആസിഡും അമിനോ ആസിഡായ എൽ-പ്രോലിനും ചേർന്നാൽ ഇത്തരം മുറിവുകൾ വേഗത്തിൽ ഉണക്കാമെന്ന പ്രാഥമിക നിഗമത്തിൽ നിന്നായിരുന്നു തുടക്കം. ചെമ്പരത്തി,ഗോതമ്പ്,കോൺ തുടങ്ങിയവയിൽ ഫെറൂലിക് സാന്നിദ്ധ്യമുണ്ട്. ഫെറൂലിക് ആസിഡ് മുറിവ് ഉണക്കും. ശരീരത്തിൽ തന്നെ ഉത്പാദിപ്പിക്കുന്ന എൽ-പ്രോലിൻ കൂടിയ അളവിൽ മുറിവിലേക്ക് നൽകുമ്പോൾ കോശങ്ങളെ അത് കൂട്ടിയിണക്കും. മുറിവിന്റെ പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ഇവ രണ്ടും ആൾജിനേറ്റ്-ഡയാൽ ഡിഹൈഡ്, ജലാറ്റിൻ എന്നിവയ്ക്കൊപ്പം ചേർക്കുമ്പോഴാണ് ഹൈഡ്രോജെല്ലായി മാറുന്നത്. പ്രമേഹസംബന്ധമായ പരീക്ഷണത്തിന് ഉചിതം എലികളാണെന്ന് കണ്ടെത്തിയതോടെ എലികളിൽ പ്രീക്ലിനിക്കൽ പരീക്ഷണവും പൂർത്തിയാക്കി.
വിപണിയിൽ എപ്പോൾ ?
മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണം നടന്നാൽ മാത്രമേ മരുന്ന് വിപണിയിലേക്ക് എത്തിക്കാനാകൂ. സർക്കാരിന് കീഴിലുള്ള പ്രമേഹ ആശുപത്രികളുമായി ചേർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താം. ഹൈഡ്രോജല്ലിന്റെ ടെക്നോളജി സ്വകാര്യ കമ്പനികൾക്ക് കൈമാറി അവരുമായി ചേർന്നും ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാം. ഇതിനുശേഷം മാത്രമേ ഹൈഡ്രോജല്ലിന്റെ വില നിർണയിക്കാനാകൂ. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നിരക്കിൽ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
മൂന്നുദിവസം, നിറം മാറും
തവിട്ട് നിറത്തിലുള്ള ഹൈഡ്രോജെൽ പലവലിപ്പത്തിൽ തയ്യാറാക്കാം
മുറിവിലെ ഊർപ്പത്തോട് ചേർന്ന് മരുന്ന് അതിലേക്ക് ഇറങ്ങും
ഹൈഡ്രോജെൽ ഒരണെണ്ണം മൂന്നു ദിവസം മുറിവിൽ വയ്ക്കാം
മുറിവ് സങ്കീർണമാണെങ്കിൽ ഹൈഡ്രോജെല്ലിന്റെ നിറം നീലയാകും
''പ്രമേഹ ചികിത്സയ്ക്ക് സഹായകരമാകുന്ന ഈ കണ്ടുപിടിത്തം ഒരുപാട് രോഗികൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
-ഫാത്തിമ റുമൈസ