വിക്രവാണ്ടി (വില്ലുപുരം): എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടുമൊരു സിനിമാതാരം ആധിപത്യം നേടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നടൻ വിജയ് രൂപീകരിച്ച

തമിഴ്നാട് വെട്രി കഴകത്തിന്റെ ശക്തി പ്രകടനം വിസ്മയമായി.

പാർട്ടിയുടെ ആദ്യസംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് അനുയായികളെ ആവേശംകൊള്ളിച്ചുകൊണ്ട് വിജയ് നടത്തിയ പ്രസംഗത്തിൽ ഡി.എം.കെ ഭരണത്തെ കടന്നാക്രമിക്കുകയും 2026ൽ എല്ലാ സീറ്റിലും മത്സരിച്ച് അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സിനിമയിൽ നിന്ന് വന്ന് അധികാരത്തിലേറിയ എം.ജി.ആറിനെയും എൻ.ടി.ആറിനെയും പ്രസംഗത്തിൽ പരാമർശിച്ചു.

മറ്റു രാഷ്ട്രീയ പാർട്ടികളെ സഖ്യത്തിലേക്ക് ക്ഷണിച്ചു. ഭരണത്തിൽ പങ്കാളിത്തവും വാഗ്ദാനം ചെയ്തു. വിക്രവാണ്ടിയിലേക്ക് അലയടിച്ചെത്തിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി വിജയ് പ്രഖ്യാപിച്ചു: 'അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും. തമിഴ്നാട്ടിലെ 234 മണ്ഡലത്തിലും ടി.വി.കെ മത്സരിക്കും.നിങ്ങളുടെ വോട്ടുകൾ സ്ഫോടനമായി മാറും.'

പേരെടുത്ത് പറയാതെ ബി.ജെ.പിയുടെ മതരാഷ്ട്രീയത്തെയും ഡി.എം.കെയുടെ കുടുംബ രാഷ്ട്രീയത്തെയും വിമർശിച്ചു. ‌ഒരു കുടുംബം നാടിനെ കൊള്ളയടിക്കുകയാണെന്നും വിജയ് പറഞ്ഞു. പെരിയോർ, കാമരാജ്,അംബേദ്കർ, വേലുനാച്ചിയാർ, അഞ്ജനയമ്മാൾ എന്നിവരാണ് വഴികാട്ടിയെന്ന് പ്രഖ്യാപിച്ചു. പെരിയാറിന്റെ പേര് ചിലർ പറയുന്നത് വെറുതെയാണെന്ന് പറഞ്ഞതും ഡി.എം.കെയെ ലക്ഷ്യമിട്ടായിരുന്നു.

സമത്വത്തിന് സംവരണം

പാർട്ടിയുടെ നയവും ലക്ഷ്യവും വിജയ് പ്രഖ്യാപിച്ചു

1. സമത്വത്തിന് പ്രാതിനിധ്യ സംവരണം വേണം. അതിന് ജാതി സെൻസസ് നടത്തണം

2. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷ.അതിനായി പ്രത്യേക വകുപ്പ് വേണം

3. ഇംഗ്ളീഷിനു കൂടി പ്രാധാന്യം നൽകുന്ന ദ്വിഭാഷാ നയം കൊണ്ടുവരും. ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും

4. മധുരയിൽ സെക്രട്ടേറിയറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും

5. വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തും

6.സംസ്ഥാന സർക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവർണറുടെ പദവി നീക്കാൻ സമ്മർദ്ദം ചെലുത്തും

7. ന്യൂനപക്ഷങ്ങൾക്കും പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കും ക്ഷേമം ഉറപ്പാക്കും

8.സമത്വത്തിനും സാമൂഹിക നീതിക്കും എതിരായ വർണാശ്രമ സിദ്ധാന്തങ്ങളുടെ ഏത് രൂപത്തെയും എതിർക്കും

9.പാർട്ടി പദവികളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി സംവരണം ചെയ്യും. ക്രമേണ ഇത് 50 ശതമാനമായി ഉയർത്തും