തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ തൈക്കാടുള്ള അമ്മത്തൊട്ടിലിൽ 612-ാമത്തെ അതിഥിയായി പെൺകുഞ്ഞിനെ ലഭിച്ചു.പ്രതിഭയെന്ന് പേരിട്ട കുഞ്ഞിന് 2.600 കി.ഗ്രാം ഭാരവും ഉദ്ദേശം 12 ദിവസം പ്രായവുമുണ്ട്.ശനിയാഴ്ച രാത്രി 12.30ന് ലഭിച്ച പൂർണ ആരോഗ്യവതിയായ കുഞ്ഞ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ശിശുക്ഷേമസമിതിയിൽ പരിചരണത്തിലാണ്.
ഈ മാസം അമ്മത്തൊട്ടിലിൽ ലഭിച്ച അഞ്ചാമത്തെ കുട്ടിയും നാലാമത്തെ പെൺകുഞ്ഞുമാണ് പ്രതിഭ. 2024ൽ ലഭിക്കുന്ന 18 -ാമത്തെ കുഞ്ഞാണ്.
ശിശുദിന കലോത്സവങ്ങൾ ആരംഭിക്കാനിരിക്കെ എത്തിയതിനാലാണ് കുഞ്ഞിന് പ്രതിഭയെന്ന് പേര് നൽകിയത്.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ ശനിയാഴ്ച ലഭിച്ച ആൺകുഞ്ഞിന് ബുദ്ധ എന്ന പേര് നൽകിയിരുന്നു. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്. 19 മാസത്തിനിടയിൽ സമിതി 114 കുട്ടികളെയാണ് നിയമപരമായി ദത്ത് നൽകിയത്.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ തൈക്കാടുള്ള സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.