
പാറശാല: വ്ലോഗർ ദമ്പതിമാരായ പാറശാല ചെറുവാരക്കോണം പയസ് നഗറിൽ പ്രീതുഭവനിൽ സെൽവരാജിന്റെയും (45) ഭാര്യ പ്രിയ ലതയുടെയും (40) മരണത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. സെൽവരാജിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ പ്രിയ ലതയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സെൽവരാജ് വലിയ അദ്ധ്വാനിയായിരുന്നു. പഞ്ചായത്തിൽ നിന്ന് ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച ചെറിയ വീടായിരുന്നെങ്കിലും അദ്ധ്വാനത്തിലൂടെ വീട് മോടിപിടിപ്പിച്ചു. കുടുംബം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെങ്കിലും നാട്ടുകാരോടുള്ള ഇടപെടലുകളിൽ ചെറിയ അകലം പാലിച്ചിരുന്നു. ഒന്നര വർഷം മുമ്പാണ് മകൾ പ്രീതുവിന്റെ വിവാഹം നടന്നത്. നഴ്സിംഗ് വിദ്യാഭ്യാസം കഴിഞ്ഞെത്തിയ മകൻ സേതു സ്വന്തമായി ജോലി തേടി എറണാകുളത്തേക്ക് പോയതോടെ വീട്ടിൽ പ്രിയലത ഒറ്റയ്‌ക്കായി.
ജോലി സമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിൽ സെൽവരാജ് ഭാര്യയുമായി ചേർന്ന് യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. കുക്കിംഗ് വീഡിയോകളാണ് കൂടുതലായും പോസ്റ്റ് ചെയ്‌തിരുന്നതെങ്കിലും കാഴ്ചക്കാരുടെ എണ്ണവും ലൈക്കുകളും വർദ്ധിച്ചതോടെ ഇരുവരും കൂടുതൽ അറിയപ്പെടാൻ തുടങ്ങി. യൂട്യൂബിലൂടെ സുഹൃത്തുക്കളോട് സന്തോഷത്തോടെ സംസാരിച്ചിരുന്ന ഇവരുടെ മരണം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. മരണ കാരണത്തെക്കുറിച്ച് നാട്ടുകാർക്കും വ്യക്തതയില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.