വെഞ്ഞാറമൂട്: വട്ടയം ഭാഗത്തും മേലേകുറ്റിമൂട് മേഖലയിലും പുലിയെ കണ്ടെന്ന് പ്രദേശവാസികൾ. മൂന്നാംതവണയാണ് പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം അറിയുന്നതെന്നും നാട്ടുകാർ പറയുന്നു.ഒരുമാസം മുൻപ് മേലേകുറ്റിമൂട് ജംഗ്ഷനിൽ പുലർച്ചെ ബൈക്ക് യാത്രികരും ടാപ്പിംഗ് തൊഴിലാളികളും പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടിരുന്നു. പിന്നീട് ഒരു വീട്ടിലെ കിണറിന്റെ ഭാഗത്ത് കിടക്കുന്നത് രാത്രിയിൽ വീട്ടമ്മ കണ്ടിരുന്നു.ഒരാഴ്ചയായി വട്ടയം ഭാഗത്ത് ഈ ജിവിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.രണ്ടു ദിവസം മുൻപ് പ്ലാക്കോട് ഭാഗത്തും കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലായി.കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് മുഖത്ത് രക്തം പുരണ്ട നിലയിൽ നിൽക്കുന്ന ജീവിയെ വളരെ വ്യക്തമായി കണ്ടുവെന്ന് വീട്ടുടമയായ യുവാവ് പറയുന്നു. പ്രദേശത്ത് നായ്ക്കളെ കാണാതാകുന്നതും പതിവായതോടെയാണ് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാ‌ർ സംശയിക്കുന്നത്. ഇന്നലെ പാലോട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രദേശവാസികളോട് വിവരങ്ങൾ അന്വേഷിക്കുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തു.രണ്ടു ദിവസമായി ശക്തമായ മഴയായിരുന്നതിനാൽ കാര്യമായ തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല.