ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന അമ്മയ്ക്ക് സമ്മാനമായി മകൾ നടന്നുനേടിയ സ്വർണം. സീനിയർ ഗേൾസിന്റെ മൂന്ന് കി.മി നടത്തത്തിൽ സ്വർണം നേടിയ അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി അഞ്ജുവിന്റെ താങ്ങും തണലും അമ്മയാണ്.
ധനുവച്ചപുരം സ്വദേശിയായ അഞ്ജുവിന് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്റെ യേശുദാസിന്റെ മരണം. ഒരു സഹോദരിയുമുണ്ട്. തൊഴിലുറപ്പിനൊപ്പം റബർ പാല് എടുക്കുന്ന ജോലിയുമായി അമ്മ ചിത്രയാണ് പിന്നീട് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയത്. തന്റെ ബുദ്ധിമൂട്ടുകളൊന്നും അറിയിക്കാതെ മകളെ വലിയൊരു കായിക താരമാക്കാനായിരുന്നു ചിത്രയുടെ ആഗ്രഹം. അമ്മയുടെ സ്വപ്ന സാക്ഷാത്കരത്തിന് വേണ്ടിയാണ് അഞ്ജുവിന്റെ പരിശ്രമം. മൂന്ന് കി.മീ ദൂരം 19 മിനിട്ട് കൊണ്ടാണ് അഞ്ജു നടന്ന് പൂർത്തിയാക്കിയത്.സംസ്ഥാന കായിക മേളയിൽ വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ് അഞ്ജു.
'പോളിന് ആളുണ്ടേ"
ഇത്തവണ പോൾ വാൾട്ട് മത്സരത്തിന് തലസ്ഥാനത്ത് നിന്ന് സംസ്ഥാന മേളയിലേക്ക് പോകാൻ ഒരു ചുണക്കുട്ടനുണ്ട്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി അജിൻ വിജയൻ. പോൾവാട്ടിന് മറ്റ് വിഭാഗങ്ങളിലും മത്സരം നടന്നെങ്കിലും ആരും സംസ്ഥാന മേളയ്ക്ക് യോഗ്യരായില്ല.
ജൂനിയർ ബോയ്സിന്റെ മത്സരത്തിൽ 2.70 മീറ്റർ ഉയരം ചാടിയാണ് വയനാടുകാരൻ അജിൻ സ്വർണ നേട്ടം കൊയ്തത്. മേളയിൽ ഒന്നര ലക്ഷം വിലയുള്ള ഫൈബർ പോൾ കുത്തി ചാടിയത് ജി.വി രാജ സ്കൂളും അയ്യങ്കാളി സ്കൂളുമാണ്. 15000 രൂപ വരെയുള്ള വിലകുറഞ്ഞ സ്റ്റീൻ പോളും,മുളപ്പോളും കുത്തിച്ചാടിയ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഇവരോടൊപ്പം എത്താൻ കഴിഞ്ഞില്ല.
ഡിസ്കസിന്റെ ബാദുഷ
കിളിമാനൂർ എച്ച്.എസ്.സിന് നേട്ടമായി മുഹമ്മദ് ബാദുഷയുടെ സ്വർണം.സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് 34.2 മീറ്റർ ദൂരമെറിഞ്ഞ് ബാദുഷ സ്വർണം നേടിയത്.എട്ടാം ക്ളാസ് മുതൽ പരിശീലനമാണ്. പുതിയകാവ് സ്വദേശികളായ യൂസഫ് സുലൈഖ ദമ്പതികളുടെ മകനാണ്.വിജയകുമാറാണ് കോച്ച്.
ഇത് ഒരു ഒന്നൊന്നര സിസ്റ്റേഴ്സ് ത്രോ
സഹോദരിമാരായ ശ്രദ്ധയും ശ്രേയയും എറിഞ്ഞ ത്രോകൾ സ്വർണത്തിലേക്ക്.നെടുമങ്ങാട് ജി.ജി.എച്ച്.എസിലെ വിദ്യാർത്ഥികളാണ് ഇരുവരും.സബ് ജൂനിയർ ഗേൾസിന്റെ ഡിസ്കസ് ത്രോയിൽ 21.80 മീറ്റർ എറിഞ്ഞിട്ട് ഇളയ സഹോദരി ശ്രദ്ധ സ്വർണം നേടിയപ്പോൾ സീനിയർ ഗേൾസിന്റെ ഹാമ്മർ ത്രോയിലാണ് ശ്രേയ 25.47 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാമതായത്. മൂത്ത സഹോദരി ശ്രേയ വടംവലി മത്സരത്തിലും മുൻപന്തിയിലാണ്.
വേങ്കവിള സ്വദേശിയായ പ്ളംബിംഗ് തൊഴിലാളി ബിജുവിന്റെയും സുജയുടെയും മകളാണ് ഇവർ.