പോത്തൻകോട്: അയിരുപ്പാറ രാധാകൃഷ്ണൻ കൊലക്കേസിലെ ഒന്നാം പ്രതി അനിൽകുമാറിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ആറാം അഡിഷണൽ ഡിസ്ട്രിക്ട്, സെഷൻസ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ എ.ആർ. ഷാജിയാണ് ഹാജരായത്. 2018 ലാണ് സംഭവം. സുഹൃത്തുക്കളായിരുന്ന രാധാകൃഷ്ണനും അനിൽകുമാറും അനിലും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് രാധാകൃഷ്ണനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് വെട്ടി കൊല്ലപ്പെടുത്തിയത്. അടച്ചിട്ട കടയ്ക്ക് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് രാധാകൃഷ്ണനെ പൊലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത് ഒന്നാം പ്രതി അനിൽകുമാറും, രണ്ടാം പ്രതി അനിലുമാണ്. വിചാരണയ്ക്ക് മുമ്പ് രണ്ടാം പ്രതി അനിൽ മരണപ്പെട്ടിരുന്നു. പോത്തൻകോട് ഇൻസ്പെക്ടറായിരുന്ന (എസ്.എച്ച്.ഒ) ഡി.ഗോപി, പോത്തൻകോട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായി രുന്ന വി.എസ്.അജീഷ് എന്നിവർ അന്വേഷണം നടത്തി. പോത്തൻകോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന (എസ്.എച്ച്.ഒ).എം.ജെ.അരുണാണ് കുറ്റപത്രം സമർപ്പിച്ചത്.