
പാറശാല: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഓട്ടോ റിക്ഷയിൽ കടത്തിക്കൊണ്ടു വന്ന ഇരുപത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ വച്ചായിരുന്നു സംഭവം. പുഞ്ചക്കരി പുത്തളക്കുഴി വീട്ടിൽ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തൻവീട്ടിൽ അനീഷ് (30), പാച്ചല്ലൂർ മണി മന്ദിരത്തിൽ മഹേഷ് (25) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘവും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവർ. കഞ്ചാവ് തമിഴ്നാട്ടിൽ നിന്നും ബസിൽ അതിർത്തിയിലെത്തിച്ച ശേഷം ഓട്ടോ റിക്ഷയിൽ കൊണ്ട് വരികയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓട്ടോ തിരിച്ച് മടങ്ങിപ്പോകുവാൻ ശ്രമിച്ച സംഘത്തെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളിൽ ശംഭു, അനീഷ് എന്നിവർ തിരുവനന്തപുരം സർക്കിൾ ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസറായിരുന്ന അൽത്താഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ്.