വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. വർക്കല സ്വദേശി
അജ്മലിനാണ് (25) കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരായ ഉമേഷ് (23),സജീർ (23) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നംഗ സംഘം ഹോസ്‌പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും ഒരാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. ശേഷം ഇവർ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വർക്കല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താന്നിമൂട് സ്വദേശികളായ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. പരിക്കേറ്റ മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.