trump

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പായി മാറുകയാണ് അടുത്തമാസം 5ന് നടക്കുന്ന 60-ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മിക്ക സർവേകളും, വിലയിരുത്തലും കമല ഹാരിസും ഡൊണാൾ ട്രംപും ഒപ്പത്തിനൊപ്പം എന്നാണ് കാണിക്കുന്നത്. അതുപോലെ തന്നെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ കൊണ്ടും, അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാവിയെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് വലിയ പ്രാധാന്യം അർഹിക്കുന്നു. മിക്ക പഠനങ്ങളും ഇരുസ്ഥാനാർത്ഥികളും 48 % പിന്തുണ നേടുമെന്ന് പറയുമ്പോൾ, അവർ അത്രകണ്ട് മികവുറ്റ സ്ഥാനാർത്ഥികൾ അല്ല എന്ന വിലയിരുത്തലും തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു.

പ്രസിഡന്റ് ബൈഡൻ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറിയതിനുശേഷം, സംഭവബഹുലമായിരുന്നു പ്രചാരണരംഗം. ട്രംപിനു നേരെ നടന്ന രണ്ട് വധശ്രമങ്ങൾ, ഡിബേറ്റിൽ കമല ഹാരിസ് നേടിയ മുൻതൂക്കം, പണക്കൊഴുപ്പ് നിറഞ്ഞ പരസ്യങ്ങൾ കുടിയേറ്റം മുതൽ ഗർഭച്ഛിദ്രം വരെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളിലെ വ്യത്യസ്ത നിലപാടുകളൊക്കെ തന്നെ തിരഞ്ഞെടുപ്പിനെ കൊഴുപ്പിക്കുക മാത്രമല്ല പ്രവചനാതീതമാക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും നിർണായകമാണ് ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന 7 അമേരിക്കൻ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകൃതി. ഈ സംസ്ഥാനങ്ങളിലും കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്.

സർവേ നൽകുന്ന സൂചന

ഒക്ടോബർ മാസം ആദ്യം നടന്ന സർവേയിൽ കമല ഹാരിസിന്, ട്രംപിന് മേൽ 49 - 46 എന്ന ശതമാനത്തിൽ മുൻതൂക്കം ഉണ്ടായിരുന്നു. ഏറ്റവും അവസാനം നടന്ന സർവേയിൽ 48- 48 എന്ന നിലയാണ്. അതായത് കമല ഹാരിസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തോട് അനുബന്ധിച്ച് നേടിയ മുൻതൂക്കം നിലനിറുത്തുവാൻ പാടുപെടുന്നുവെന്നർത്ഥം. വാൾസ്ട്രീറ്റ് ജേർണലിലും അറ്റ്‌ലാ ഇന്റലും നടത്തിയ സർവേ ട്രംപിന് 3 ശതമാനം മുൻതൂക്കം നൽകുമ്പോൾ, റോയിട്ടോഴ്സും, മോൺ മൗത്ത് യൂണിവേഴ്സിറ്റിയും മൂന്ന് ശതമാനം വീതം ലീഡ് കമലയ്ക്ക് നൽകുന്നു. അതുപോലെ തന്നെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളായ അരിസോണ, വിസ്‌കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ, നെവേഡ, ജോർജിയ, നോർത്ത് കരോലിന എന്നിവ ആർക്കും വ്യക്തമായ മുൻതൂക്കം നൽകുന്നില്ല. ചുരുക്കത്തിൽ സർവേകളിൽ നിന്ന് ആര് ജയിക്കും എന്ന് പറയുവാൻ സാധിക്കാത്ത അവസ്ഥ.

അനുകൂല-പ്രതികൂല

വിഷയങ്ങൾ

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ള നിരവധി വിഷയങ്ങൾ പ്രചാരണ രംഗത്ത് ശക്തമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ചില വിഷയങ്ങളിൽ അമേരിക്കൻ ജനത വ്യത്യസ്ത ധ്രുവങ്ങളിലുമാണ്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ്, കുടിയേറ്റം, സാമ്പത്തികരംഗം, ഗർഭച്ഛിദ്രം, ജനാധിപത്യത്തിന്റെ ഭാവി തുടങ്ങിയവ. ഇസ്രയേൽ - പാലസ്‌തീൻ സംഘർഷം, ലോക രാഷ്ട്രീയത്തിൽ അമേരിക്കയുടെ പങ്ക്, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയും പ്രാധാന്യമർഹിക്കുന്നു.

ഇതിൽ ചില വിഷയങ്ങൾ വലിയ ഏറ്റക്കുറച്ചിലിൽ സ്ഥാനാർത്ഥികൾക്ക് അനുകൂലവും പ്രതികൂലവുമായി പ്രവർത്തിക്കുന്നതായി കാണാം. തിരഞ്ഞെടുപ്പിൽ വോട്ടിംഗിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് സാമ്പത്തിക പ്രശ്നം. ഇക്കാര്യത്തിൽ കമല നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, ഇപ്പോഴും ഏഴു ശതമാനത്തിന്റെ മുൻതൂക്കം ട്രംപിനുണ്ട്. അമേരിക്കൻ ജനത ഏറ്റവും വൈകാരികമായി കാണുന്ന വിഷയമാണ് കുടിയേറ്റം. തങ്ങളുടെ രാജ്യം തങ്ങൾക്കു നഷ്ടപ്പെടുന്നു എന്ന തരത്തിലാണ് ട്രംപ് ഈ വിഷയം അവതരിപ്പിക്കുന്നത്. ഈ കാരണത്താൽ രാജ്യം നേർവഴിക്കല്ല സഞ്ചരിക്കുന്നതെന്ന് നല്ലൊരു ശതമാനം വിശ്വസിക്കുന്നു. ഈ വിഷയത്തിൽ 12 മുതൽ 15 ശതമാനം വരെ മുൻതൂക്കമാണ് ട്രംപിനുള്ളത്. തിരഞ്ഞെടുക്കപ്പെട്ടാൽ ലോകത്തിലെ ഏറ്റവും ബ്രഹത്തായ 'നാടുകടത്തൽ' താൻ നടത്തുമെന്നാണ് ട്രംപ് വീമ്പിളക്കുന്നത്. ഇക്കാര്യത്തിലെ കമലയുടെ മൃദുസമീപനം തിരിച്ചടിയായേക്കാം.

കമല ഹാരിസിന് മുൻതൂക്കം നൽകുന്ന ചില ഘടകങ്ങളും തിരഞ്ഞെടുപ്പിൽ വിഷയപാത്രമാണ്. ഗർഭച്ഛിദ്രം അമേരിക്കൻ സ്ത്രീകൾ വളരെ വൈകാരികമായിട്ടാണ് കാണുന്നത്. ഇക്കാര്യത്തിൽ 16 % ലീഡ് ആണ് കമലയ്ക്ക് ഉള്ളത്. അതിനാൽ തന്നെ സ്‌ത്രീകളുടെ ഇടയിൽ കമലയ്ക്ക് 54 - 42 എന്ന നിലയിൽ മുൻതൂക്കമുണ്ട്. എന്നാൽ പുരുഷന്മാരുടെ ഇടയിൽ 55 - 41 എന്ന നിലയിൽ ട്രംപ് ലീഡ് ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു. അതായത് സ്‌ത്രീ - പുരുഷ പിന്തുണയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്.

അമേരിക്കൻ ജനാധിപത്യത്തിന്റെ ഭാവിക്ക് നല്ലത് കമല ഹാരിസ് അധികാരത്തിൽ വരുന്നതാണ് നല്ലതെന്ന് 6 ശതമാനം (51-45) കൂടുതൽ പേർ വിലയിരുത്തുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, വിദേശ നയം, ഇസ്രയേൽ - പാലസ്‌തീൻ സംഘർഷം ഒക്കെ തന്നെ തിരഞ്ഞെടുപ്പിൽ ചർച്ചയ്ക്ക് വിഷയമാകുന്നുണ്ടെങ്കിലും, മുകളിൽ സൂചിപ്പിച്ചവയാണ് പ്രധാനപ്പെട്ട വിഷയങ്ങൾ.

നിർണായകമായി ചാഞ്ചാട്ട

സംസ്ഥാനങ്ങൾ

ഇരു സ്ഥാനാർത്ഥികൾക്കും 200 വോട്ടുകൾ ഉറപ്പായും ലഭിക്കുന്ന സാഹചര്യം ഉണ്ട്. എന്നാൽ ജയിക്കുവാൻ ഇലക്ടറൽ കോളേജിൽ 270 വോട്ടുകൾ വേണം. ഈ 70 വോട്ടുകൾക്ക് വേണ്ടിയിട്ടാണ് ഇരു സ്ഥാനാർത്ഥികളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ നിർണായകമാകുന്നത്. ആകെ 93 ഇലക്ട്രൽ കോളേജ് വോട്ടുകളാണ് ഈ ഏഴു സംസ്ഥാനങ്ങളിലുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ആർക്കും വ്യക്തമായ മുൻതൂക്കമില്ലാത്ത അവസ്ഥ. ഇതിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഇരുവർക്കും ഒരേ ശതമാനം വോട്ടാണ് ലഭിക്കുന്നത്. ഗാർഡിയന്റെ പോൾ ട്രാക്കർ പ്രകാരം അരിസോണ ട്രംപിന് നാല് ശതമാനം മുൻതൂക്കം നൽകുമ്പോൾ, വിസ്‌കോൺസിൻ കമല ഹാരിസിന് 5 ശതമാനം മുൻതൂക്കം നൽകുന്നു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ തിരഞ്ഞെടുപ്പായി മാറുകയാണ് 60-ാം പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. തുടക്കത്തിൽ കമല ഹാരിസിന് ഉണ്ടായിരുന്ന മുൻതൂക്കം കുറയുന്ന ചിത്രമാണ് കാണുന്നത്. ഒരു പഠനവും ആര് ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നില്ല. അതുകൊണ്ടാണ് പോരാട്ടം ഇഞ്ചോടിഞ്ചാകുന്നതും ചാഞ്ചാട്ട സംസ്ഥാനങ്ങൾ, നിർണായകമാകുന്നതും.

(യു.ജി.സി-എം.എം.ടി.ടി.സി,​ കേരള സർവകലാശാല ക്യാമ്പസ് ഡയറക്ടറും പൊളിറ്റിക്സ് പ്രൊഫസറുമാണ് ലേഖകൻ)