
പാലോട്: ഗ്രാമീണ മേഖലയിൽ തെരുവുനായ ശല്യവും മാലിന്യപ്രശ്നങ്ങളും ജനജീവിതത്തിന് ഭീഷണിയാകുന്നു. പഞ്ചായത്തുകൾ അരലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു. നിലവിൽ എല്ലാ എം.സി.എഫ് യൂണിറ്റുകളുടെ പരിസരങ്ങളും മാലിന്യക്കൂമ്പാരങ്ങളാണ്. മഴക്കാലമായതോടെ പരിശോധനകൾ കുറഞ്ഞതിനാൽ അറവ്,ഹോട്ടൽ മാലിന്യം തള്ളലും പതിവായി.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ മൈലമൂട് വരെ മാലിന്യക്കൂമ്പാരമാണ്. സ്ട്രീറ്റ് ലൈറ്റ് കത്താത്തതും പ്രതിസന്ധി രൂക്ഷമാകുന്നു. മുൻപ് മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിട്ടിരുന്നു. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയിൽ മാലിന്യം ചാക്കിലാക്കി വാഹനങ്ങളിൽ കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്,പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും മാലിന്യം തള്ളുന്നത്.
തോടുകളിലും മാലിന്യം
പൊതുജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന കൈത്തോടുകളിൽ മാലിന്യം നിറയുന്നു. വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ്-പാലോട്, ആലംപാറ-ഇരപ്പ് കൈത്തോടുകൾക്കാണീ ദുർഗതി. ചില വീടുകളിലെ മാലിന്യങ്ങൾ പൈപ്പുകളിലൂടെ കൈത്തോടുകളിലേക്കാണ് വച്ചിട്ടുള്ളത്. നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. വീടുകളിലേയും ചില ഹോട്ടലുകളിലേയും കക്കൂസ് മാലിന്യം ഉൾപ്പെടെയും ഈ ജലാശയത്തിലേക്കെത്തുന്നുണ്ട്.
വിളവീട്, ആലംപാറ, തോട്ടുമുക്ക്, ഊളൻകുന്ന്, മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറുതോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ് ഈ മലിനജലം എത്തുന്നത്.
തെരുവ് കൈയടക്കി നായ്ക്കൂട്ടം
നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. പാലോട് ആശുപത്രി ജംഗ്ഷനിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ വാഹന യാത്രക്കാർക്കുൾപ്പെടെ ഭീഷണിയാണ്. പെരിങ്ങമ്മല ജംഗ്ഷൻ,ആശുപത്രി കോമ്പൗണ്ട്,കുശവൂർ,തെന്നൂർ,കോളേജ് ജംഗ്ഷൻ,പാലോട് ആശുപത്രി ജംഗ്ഷൻ,നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ,പച്ച ശാസ്താക്ഷേത്ര പരിസരം,ഓട്ടുപാലം,പച്ച,കാലൻകാവ്,പൊട്ടൻചിറ,വട്ടപ്പൻകാട്,ആലുംമ്മൂട് എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യമുള്ളത്.
നായ്ക്കൂട്ടം ആക്രമണകാരികളാകുന്നതിനാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പൊതുജനങ്ങളെ ഉപദ്രവിക്കുന്നതോടൊപ്പം വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കും.