
തിരുവനന്തപുരം: കളിചിരികൾ നിലച്ച മ്യൂസിയം ചിൽഡ്രൻസ് പാർക്ക് കാടുകയറി ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം. കളി ഉപകരണങ്ങൾ കാലപ്പഴക്കം കാരണം തുരുമ്പെടുത്തിട്ടും പാർക്ക് പുനഃസ്ഥാപിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കുട്ടികൾക്ക് പ്രിയപ്പെട്ട കളിസ്ഥലത്ത് ബേബി ട്രെയിൻ,ഊഞ്ഞാൽ,സ്ളൈഡർ,കറങ്ങുന്ന ഹോഴ്സ് റൈഡ് തുടങ്ങിയ പലതരത്തിലുള്ള റൈഡുകളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നു. മ്യൂസിയത്തിലെത്തുന്ന കുട്ടികളുടെ ഇഷ്ടസ്ഥലമായിരുന്നു ഈ പാർക്ക്. പുല്ലുപിടിച്ച് കിടക്കുന്ന പാർക്കിൽ നിലവിൽ കുട്ടികൾക്ക് പ്രവേശനമില്ല. കുട്ടികൾ ഇപ്പോൾ കളിക്കുന്നതും വിശ്രമിക്കുന്നതും സമീപത്തുള്ള ചിൽഡ്രൻസ് പാർക്കിലാണ്. ഇവിടെ ഇരിപ്പിടം,ഊഞ്ഞാൽ,സ്ളൈഡർ എന്നിവ മാത്രമാണുള്ളത്
മ്യൂസിയത്തിന് വരുമാനം നേടാം
ഉപയോഗ ശൂന്യമായി കിടക്കുന്ന പാർക്ക് പുനർ നിർമ്മിക്കുന്നതിലൂടെ മ്യൂസിയത്തിന് വരുമാനം നേടാനുള്ള സാദ്ധ്യതയുമുണ്ട്. റൈഡുകളിൽ ടിക്കറ്റെടുത്ത് പ്രവേശിപ്പിക്കുന്നതിലൂടെയാണിത്. മുമ്പ് ചിൽഡ്രൻസ് റൈഡുവഴി മ്യൂസിയത്തിന് വരുമാനം ലഭിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ ചിൽഡ്രൻസ് പാർക്ക് പുനഃസ്ഥാപിക്കണമെന്നാണ് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ആവശ്യം.
പണ്ട് നിരവധി തവണ ഞാനും കൂട്ടുകാരും കളിച്ച സ്ഥലമാണ്. ചിൽഡ്രൻസ് പാർക്ക്
ഇങ്ങനെ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നത് കാണുബോൾ വിഷമമുണ്ട്.
സായി കൃഷ്‌ണൻ, കോളേജ് വിദ്യാർത്ഥി
ഉപയോഗശൂന്യമായി കിടക്കുന്ന ചിൽഡ്രൻസ് പാർക്ക് നവീകരിക്കുന്നതിനായി
ഉടൻ തന്നെ ടെൻഡർ നൽകാനുള്ള നടപടികൾ സ്വീകരിക്കും.
വി.എസ്.മഞ്ജുളാദേവി,
മ്യൂസിയം ഡയറക്ടർ ഇൻ ചാർജ്