varkala-govt-ayurvedha-h

വർക്കല: വർക്കല ഗവ. ആയുർവേദ ആശുപത്രിയുടെ വികസനം മുൻനിറുത്തി ആരംഭിച്ച പേവാർഡ് നിർമ്മാണം പെരുവഴിയിൽ. മതിയായ ഫണ്ട് ലഭിക്കാത്തതാണ് കെട്ടിട നിർമ്മാണം അനിശ്ചിതമായി നീളാൻ കാരണമെന്നാണ് പരാതി.

നിലവിലെ കെട്ടിടങ്ങളിലെ അസൗകര്യങ്ങൾക്ക് പരിഹാരമായി നാല് വർഷം മുമ്പാണ് മൂന്ന് കോടിയോളം രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ കെട്ടിടത്തിന് തറക്കല്ലിട്ടിരുന്നു. പണി പുരോഗമിച്ചെങ്കിലും ബിൽ മാറി കിട്ടാത്തതിന്റെ പേരിൽ നിർമ്മാണ സാമഗ്രികളുമായി ആദ്യ കരാറുകാരൻ പിൻവാങ്ങി. ഇത് വിവാദമാവുകയും തുടർന്ന് ഫണ്ട് ലഭ്യതയനുസരിച്ച് ജോലികൾ പുനരാംഭിച്ചു. എന്നാൽ പേ വാർഡ് കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്.

ശോച്യാവസ്ഥയിൽ

ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തനം. ആശുപത്രിയിലെ മിക്ക കെട്ടിടങ്ങളും കാലപ്പഴക്കം കൊണ്ട് ശോച്യാവസ്ഥ നേരിടുന്നതാണ്. ഇവയുടെ മെയിന്റനൻസിനായി നൽകുന്ന തുകയും വളരെ പരിമിതമാണ്. വിദഗ്ദ്ധ ഡോക്ടർമാരും വിവിധ തലത്തിലുള്ള ചികിത്സകളും ഇവിടെ ലഭ്യമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ പുരോഗതി ആശുപത്രിക്ക് കൈവന്നിട്ടില്ല. കിടത്തി ചികിത്സാ രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായതോടെ രോഗികൾ ഊഴം കത്ത് നിൽക്കേണ്ട സ്ഥിതിയാണ്.

 നിലവിലെ സൗകര്യങ്ങൾ

 നിത്യേന 100 മുതൽ 150 പേർ ആശുപത്രി ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്.

 ജനറൽ വാർഡിൽ നിലവിലുള്ള 50 കിടക്കകളിൽ 23 എണ്ണം പുരുഷൻമാർക്കും 27 എണ്ണം സ്ത്രീകൾക്കുമാണ്

സർക്കാർ നിർദേശപ്രകാരമുള്ള സൗജന്യചികിത്സയും ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് എല്ലാ മാസവും 5000 രൂപയുടെ ഔഷധങ്ങൾ കൂടി സൗജന്യം

നീതി മെഡിക്കൽ സ്റ്റോറിലെ ലാഭവിഹിതത്തിൽ നിന്നാണ് ഈ അധിക സൗജന്യം