
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കണ്ണൂർ സർവകലാശാല സെനറ്റ് അംഗമാക്കിയ പി.പി.ദിവ്യയെ അതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിംഗ് പരാതി നൽകി. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവച്ചിട്ടും സെനറ്റ് അംഗത്വം ഒഴിയാൻ തയ്യാറായിട്ടില്ല. ഇത് ചട്ടലംഘനമാണ്. ഗവർണർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. ഷിനോ പി.ജോസും വൈസ് ചാൻസലർക്കും ഗവർണർക്കും പരാതി നൽകി. അതേസമയം, പരാതിയെ തുടർന്ന് ദിവ്യയെ പുറത്താക്കാൻ നടപടി തുടങ്ങിയെന്ന് കണ്ണൂർ സർവകലാശാല അധികൃതർ അറിയിച്ചു.