കിളിമാനൂർ: വേട്ടയ്യൻ, സിങ്കം, ദളപതി... ഇത് തമിഴ് സിനിമാപ്പേരുകൾ മാത്രമല്ല, ദീപാവലിക്ക് കളറാക്കാനുള്ള പടക്കങ്ങളുടെ പേരുകൾ കൂടിയാണ്. ഒപ്പം കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങൾ, കിൻഡർ ജോയി, വർണപ്രഭ വിതറുന്ന ഡ്രോൺ, ബട്ടർഫ്ളൈ ഇങ്ങനെ വിവിധയിനം പടക്കങ്ങളും ഉത്സവം ആഘോഷമാക്കാൻ വിപണിയിലുണ്ട്.
ശബ്ദമലിനീകരണം ഒഴുവാക്കി വർണത്തെ കൂട്ടുപിടിച്ചാണ് ഇക്കുറി ദീപാവലി വിപണി ഒരുങ്ങിയിരിക്കുന്നത്.
ലൈല മജ്നു, ഗോൾടൻ ലയൺ, ഹെലികോപ്റ്റർ, ക്യൂട്ട്, ശീതളപാനിയ ടിന്നിലടച്ച കൂൾ ഡ്രിങ്ക്, ഗോൾഡൻ ഡെക്ക്, കളർ ഫാന്റസി, സെവൻ ഷോട്സ് അങ്ങനെ നീളുന്നു... തദ്ദേശീയരായ പടക്ക നിർങ്ങൾക്കൊപ്പം തമിഴ്നാട് ശിവകാശി, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും വൻതോതിൽ മലയാളികളുടെ വിപണിയിൽ എത്തിയിട്ടുണ്ട്.
ഗിഫ്റ്റ് ബോക്സും റെഡി
പൊലീസ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലും പടക്കക്കകൾ ഉഷാറായിക്കഴിഞ്ഞു. തിരക്ക് ഒഴിവാക്കാൻ അൻപതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളുമുണ്ട്.
അഞ്ച് ഇനം മുതൽ 50 ഇനം വരെയുള്ള പായ്ക്കറ്റുകൾ 300 രൂപ മുതൽ 500 രൂപ വരെ വില
വില വിവരം
പൂക്കുറ്റി: 40 മുതൽ 60 വരെ
നിലച്ചക്രം: 5 മുതൽ 25വര
പൂത്തിരി: (പായ്ക്കറ്റ്) 25 രൂപ മുതൽ
മധുര പലഹാരങ്ങളും റെഡി:
ബേക്കറിക്കടകളിൽ ചെറുതും വലുതുമായ ദീപാവലി പലഹാരപ്പെട്ടികൾ റെഡിയായിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പുതന്നെ കൊതിയൂറും വിഭവങ്ങളുമായി ദീപാവലിക്കായുള്ള തയാറെടുപ്പിലായിരുന്നു കച്ചവടക്കാർ.
ഉത്തരേന്ത്യൻ ദീപാവലി പലഹാരങ്ങളായ ബർഫി, ബേസൻ ലഡു, രസ്മലായ് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പ്രധാനമായും പാലും, നെയ്യും ഉപയോഗിച്ച് നിർമ്മിക്കുന്ന ഇവ വിപണിയിൽ എത്തിക്കുന്നത് നാട്ടിൽ താമസക്കാരായ ഉത്തരേന്ത്യൻ കുടുംബങ്ങളാണ്. 100 മുതൽ 500 രൂപവരെയാണ് പലഹാരപ്പെട്ടികളുടെ വില. പലഹാരങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിപണിവിലയിലും വ്യത്യാസങ്ങളുണ്ട്.