
കോവളം: നാലുവയസുകാരി മേഘമനോജ് ശ്രീനാരായണ ഗുരുദേവനെഴുതിയ കൃതികൾ മനപ്പാഠമാക്കുന്ന തിരക്കിലാണ്.എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിലെ വണ്ടിത്തടം ശാഖയിലുള്ള തിരുവല്ലം-വ്ലാപ്പട്ടിവിള മകയിരത്തിൽ മനോജിന്റെയും പാർവതിയുടെയും ഇളയമകളായ ഈ കൊച്ചുമിടുക്കി കാർഷിക കോളേജ് സിംസ് മോണ്ടിസോറി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്.
ഗുരുദേവ കൃതികളുടെ പാരായണം പഠിക്കുന്നതിനായി മുത്തശ്ശി ശ്രീദേവി കുളത്തൂർ കോലത്തുകര ശിവക്ഷേത്രം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുദർശൻ പഠനകേന്ദ്രത്തിന്റെ അറിവായ ഈശ്വരൻ ഗ്രൂപ്പിൽ ചേർന്നതാണ് തുടക്കം. ശ്രീദേവിക്കൊപ്പം മേഘയും ശ്ലോകങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ഗ്രൂപ്പിലെ മുതിർന്ന പഠിതാക്കൾക്കൊപ്പം ബാഹുലേയാഷ്ടകത്തിലെ രണ്ടുവരി ഭംഗിയായി മേഘ ചൊല്ലിയത് എല്ലാവരെയും വിസ്‌മയിപ്പിച്ചു.
ഗ്രൂപ്പിലെ അദ്ധ്യാപിക രാജലക്ഷ്‌മിയായിരുന്നു മേഘയുടെയും ഗുരു. ഒരുവർഷത്തിനുള്ളിൽ ഗുരുദേവ കൃതികളായ ഹോമമന്ത്രം,ദൈവദശകം,ശ്രീകൃഷ്ണ ദർശനം,ഗദ്യപ്രാർത്ഥന,കോലതീരേശസ്‌തവം,ഗുഹാഷ്ടകം എന്നിവയും മനപ്പാഠമാക്കി. ഇപ്പോൾ ആത്മോപദേശ ശതകത്തിന്റെ പഠനത്തിലാണ് മേഘ. ശ്രീനാരായണീയ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഗുരുദേവ കൃതികൾ പഠിക്കുന്നതോടൊപ്പം ഗുരുദേവന്റെ ജീവിതകഥ കഥാപ്രസംഗ രൂപേണ പഠിച്ച് ഗിന്നസ് വേൾഡ് റെക്കാഡ്സിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് മേഘ.
ഫോട്ടോ: ചെമ്പഴന്തി ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കുളത്തൂർ
എസ്.എൻ.എം ലൈബ്രറിയും ചേർന്ന് നൽകിയ ഉപഹാരവുമായി മേഘ