കാട്ടാക്കട: കാട്ടാക്കട ജംഗ്ഷന്റേയും റിംഗ് റോഡുകളുടേയും വികസനത്തിനായി കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ,പെരുംകുളം,വീരണകാവ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടി അന്തിമ ഘട്ടത്തിലേക്ക്. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം പൂർത്തിയാക്കി പബ്ലിക്ക് ഹിയറിംഗിലൂടെ ജനങ്ങളുടെ അഭിപ്രായ രൂപീകരണവും നടത്തി. കിഫ്ബിയിൽ നിന്ന് 100 കോടി മുടക്കിയാണ് വികസനത്തിനായുള്ള പദ്ധതി നടപ്പിലാക്കുന്നത്. 2021ൽ അനുമതി ലഭിച്ച് മൂന്ന് ഘട്ടമായി പൂർത്തിയാക്കുന്ന പദ്ധതിയിൽ ഭൂമി വിലയ്ക്കെടുക്കുന്നതിനുള്ള പഠനത്തിന്റെ കരട് റിപ്പോർട്ട് പഞ്ചായത്ത്-റവന്യൂ അധികൃതർക്ക് കൈമാറി. എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജഗിരി ഔട്ട്റീച്ച് എന്ന സ്ഥാപനമാണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
പദ്ധതിയിൽ
റോഡ് വികസനം,നവീകരണം,റിംഗ് റോഡുകൾ എന്നിവയാണ് പദ്ധതിയിലുൾപ്പെടുന്നത്. കാട്ടാക്കട ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനത്തിനായി കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ,വീരണകാവ്,പെരുംകുളം വില്ലേജുകളിൽ ഉൾപ്പെട്ട 35സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന 1.57 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.
ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നത് കുളത്തുമ്മൽ വില്ലേജിലാണ്. ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാനവിലയുടെ 120ശതമാനം വരെ കൂടുതൽ ഉടമയ്ക്ക് ലഭിക്കും.
പബ്ലിക് ഹിയറിംഗിനു ശേഷം അന്തിമറിപ്പോർട്ട് കളക്ടർക്ക് കൈമാറും. റിപ്പോർട്ട് അംഗീകരിച്ചാൽ ഭൂമി ഏറ്റെടുക്കാനുള്ള 11(1) വിജ്ഞാപനം പുറത്തിറക്കി വിലനിർണയം നടത്തും. ഈ മാസം അവസാനത്തോടെ നടപടികൾ പൂർത്തീകരിക്കും.
ആദ്യഘട്ടത്തിന് 41.46കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി പൊതുമരാമത്ത് തയാറാക്കിയ ഡി.പി.ആർ അംഗീകരിച്ചു.
വിശദാംശങ്ങൾ
സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങളുടേതുൾപ്പെടെ 1.5ഏക്കർ ഭൂമി വികസനത്തിനായി ഏറ്റെടുക്കേണ്ടിവരും.182പേരിൽ നിന്നാണ് ഭൂമിയേറ്റെടുക്കേണ്ടത്. 7വീടുകൾ ഭാഗികമായും 4എണ്ണം പൂർണമായും പൊളിക്കേണ്ടിവരും. 160കടകളിൽ 12കടകൾ പൂർണമായും 76കടകൾ ഭാഗികമായും പൊളിക്കും. 83എണ്ണത്തെ ചെറുതായും ബാധിക്കും.18സ്ഥാപനങ്ങളുടെ പാർക്കിംഗ് ഏരിയയും പൂർണമായും നീക്കും.
പരിഗണന നൽകണം
വീടും ഉപജീവനവും നഷ്ടമാകുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും, 182 ഭൂമി ഉടമകളുടെയും, 177 വാടകക്കാരുടെയും, ഏറ്റെടുക്കേണ്ട സ്ഥാപനങ്ങളിൽ 3 വർഷമായി ജോലിയെടുക്കുന്ന 209 തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
പദ്ധതിക്കായി 2020ൽ സ്ഥലപരിശോധന പൂർത്തിയാക്കി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ലിടലും നടത്തിയിരുന്നു.
ടൗൺ വികസനം മൂന്ന് റീച്ചുകളിലായി
റീച്ച് ഒന്ന്: മൊളിയൂർ-ക്രിസ്ത്യൻ കോളേജ് റോഡ്.(950മീറ്റർ നീളം,17-21മീറ്റർവീതി)
റീച്ച് രണ്ട്: കാട്ടാക്കട പെരുംകുളത്തൂർ റോഡ്.(380മീറ്റർ നീളം.9-9മീറ്റർ വീതി).
റീച്ച് മൂന്ന്: മൊളിയൂർ-പൂച്ചെടിവിള റോഡ്,കാട്ടാക്കട-പൂച്ചെടിവിള റോഡ്.(1350 മീറ്റർ ദൂരം.8-10മീറ്റർ വീതി).
ഉടൻ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കും
പൊതുമരാമത്ത് തയാറാക്കിയ ഡി.പി.ആറിൽ മാറ്റമുണ്ടാകില്ല. പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കുന്ന തരത്തിലാണ് പട്ടണ വികസന രൂപരേഖ.കളക്ടർ റിപ്പോർട്ട് അംഗീകരിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങും. അടിസ്ഥാന വിലയുടെ 120ശതമാനം വരെ ഉടമകൾക്ക് കൂടുതലായി ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി കാട്ടാക്കടയിലെ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖകൾ ശേഖരിച്ച് രജിസ്ട്രേഷനിലുള്ള കൂടുതൽ വിലയായിരിക്കും എടുക്കുക. ഈ മാസം അവസാനത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും.