
തിരുവനന്തപുരം: സംസ്ഥാന കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറികളിൽ രാസപരിശോധനാ ഫലം കാത്തിരിക്കുന്നത് 60,381 കേസുകളിലായി 1,69,188 സാമ്പിളുകൾ. ഫലം വേഗത്തിലാക്കുന്നതിന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള അധികാരം സയന്റിഫിക്ക് ഓഫീസർമാർക്ക് നൽകിയ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഉദ്യോഗസ്ഥർ പൂഴ്ത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകളിലാണ് കേസുകൾ കെട്ടികിടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് പഠനം നടത്തിയത്. ലാബുകളിൽ ജീവനക്കാരുടെ കുറവില്ല. എന്നാൽ പലരും ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് തയ്യാറാക്കാൻ 33 സയന്റിഫിക്ക് ഓഫീസർമാരണ്ട്. ഇത് സാക്ഷ്യപ്പെടുത്താൻ 19 അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർമാരുമുണ്ട്. സയന്റിഫിക്ക് ഓഫീസർമാർ തന്നെ സാക്ഷ്യപ്പെടുത്തിയാൽ അസി. കെമിക്കൽ എക്‌സാമിനർമാർക്ക് മറ്റു ജോലികളില്ല. ഇവരും സാമ്പിളുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാൽ നടപടികളുടെ വേഗം കൂടും.
ചീഫ് കെമിക്കൽ എക്‌സാമിനറാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടികളിലും, കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടം എന്നിവിടങ്ങിലെ ഫോറൻസിക് ലബോറട്ടറികളിലും സയന്റിഫിക് ഓഫീസർ തസ്തികയ്ക്ക് സമാനമായ തസ്തികയിലുള്ളവർ റിപ്പോർട്ടിംഗ് ഓഫീസർമാരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശുപാർശ.
ഇത് അംഗീകരിച്ചാണ് 2020 ജൂലായ് 29ന് സർക്കാർ അനുമതി നൽകിയത്. ക്രമിനൽ കേസുകളിൽ ശാസ്ത്രീയഫലം വൈകിയാൽ കുറ്റവാളി രക്ഷപ്പെടുമെന്നിരിക്കെയാണ് ഉദ്യോഗസ്ഥ അലംഭാവം.
കൊലപാതകമടക്കം തെളിയിക്കാൻ അഞ്ച് വിഭാഗം
 കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലെ രക്തം, സ്രവം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്ന സെറോളജി.
 അവയവങ്ങളിലെ വിഷാംശവും രക്തത്തിലെയും മൂത്രത്തിലെയും ലഹരിയുടെ അളവ് കണ്ടെത്തുന്ന ടോക്സിക്കോളജി.
 അബ്ക്കാരി കേസുകളിൽ സാമ്പിൾ പരിശോധിക്കുന്ന എക്‌സൈസ് വിഭാഗം.
 മയക്കുമരുന്ന് കേസുകൾക്കായി നാർക്കോട്ടിക്ക് വിഭാഗം.
 സ്‌ഫോടക വസ്തുക്കളുൾപ്പടെ പരിശോധിക്കുന്ന ജനറൽ കെമിസ്ട്രി വിഭാഗം.
അഞ്ചു സാമ്പത്തികവർഷത്തെ സാമ്പിൾ കണക്ക്
 2019-2020...................................1,10,103
 2020-2021...................................1,28,713
 2021-2022....................................1,31,894
 2022-2023....................................1,47,325
 2023-2024....................................1,69,188