
ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി പ്രതിഫലത്തിൽ അല്ലു അർജുൻ മുന്നിൽ. പുഷ്പ 2 എന്ന ചിത്രത്തിൽ അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം 300 കോടി എന്നാണ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2 ദ റൂൾ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരം ഷാരൂഖ് ഖാനായിരുന്നു. ജവാൻ സിനിമയിൽ 250 കോടി രൂപയാണ് ഷാരൂഖ് വാങ്ങിയ പ്രതിഫലം.
എന്നാൽ ഷാരൂഖ് ഖാനെ കടത്തിവെട്ടി തെന്നിന്ത്യയിൽ നിന്ന് വിജയ് എത്തി. ദളപതി 69 എന്ന താരത്തിന്റെ അവസാന ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം 275 കോടി എന്നാണ് റിപ്പോർട്ട്. എന്നാൽ വിജയ്യെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി അല്ലു അർജുൻ. പ്രതിഫലത്തിൽ മുൻപിൽ അല്ലു അർജുൻ തന്നെയാണെന്ന് ആരാധകരും ഉറപ്പിക്കുന്നു. പ്രീ റിലീസ് ബിസിനസിലൂടെ പുഷ്പ 2, 1,085 കോടി നേടുകയും ചെയ്തു. ഡിസംബർ 5ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന പുഷ്പ ടു മൂന്നുവർഷത്തിനുശേഷം എത്തുന്ന അല്ലു അർജുൻ ചിത്രം കൂടിയാണ്. പുഷ്പയ്ക്ക് ശേഷം അല്ലു അർജുന്റെ മറ്റൊരു ചിത്രം റിലീസ് ചെയ്തിട്ടില്ല. അല്ലു അർജുൻ മികച്ച നട എന്ന ദേശീയ അംഗീകാരം നേടി കൊടുക്കുകയും ചെയ്തു ചിത്രം കൂടിയാണ് പുഷ്പ. ബ്ളോക് ബസ്റ്ററായ പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പുഷ്പ 2 : ദ റൂൾ നൽകുന്ന പ്രതീക്ഷ വലുതാണ്. അല്ലു അർജുനും സംവിധായകൻ സുകുമാറും വീണ്ടും കൈകോർക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പുഷ്പ 2 ന്റെ ക്ളൈമാക്സിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ അത് സൗഹൃദപരമായ തർക്കം എന്നായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. കേരളത്തിൽ പുലർച്ചെ നാലിനാണ് ആദ്യ പ്രദർശനം. 24 മണിക്കൂറും പ്രദർശനം ഉണ്ടാകും. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിൽ വിതരണം. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലിന്റെ ഭൻവർ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം.