
മണ്ഡപത്തിൻകടവ്: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ മണ്ഡപത്തിൻകടവിൽ നെയ്യാർഡാം ഇടതുകര കനാലിന് സമീപം പറയൻമുകൾ പ്രദേശത്തുള്ളവർക്ക് സൗകര്യത്തിന് പാലമില്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ ഏറെയാണ്. വീടുകളിൽ നിന്നും എതിരെയുള്ള പ്രധാന റോഡിലെത്താൻ ഒരു കിലോമീറ്ററോളം ചുറ്റിയാലേ മെയിൻ റോഡിലെത്താനാകൂ.
വാഹനം പോകാത്ത ഒരു വഴിയാണ് ആകെയുണ്ടായിരുന്നത്. നിലവിലെ കനാൽ ബണ്ട് മഴയിൽ ഇടിഞ്ഞുവീണതോടെ നടവഴിയും ഇല്ലാത്ത സ്ഥിതിയാണ്. ലക്ഷം വീട്ടിലെ 20 കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം വരുന്ന വീട്ടുകാർ യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.വീടുകളിൽ ആർക്കെങ്കിലും ഒരു അത്യാഹിതമുണ്ടായാൽ റോഡിലെത്തുന്ന ആംബുലൻസിലേക്ക് ആളിനെ ചുമന്ന് കൊണ്ടുപോകുകയേ മാർഗമുള്ളൂ. ഇടുങ്ങിയ പൊളിഞ്ഞുകിടക്കുന്ന വഴിയിലൂടെ ഒരു ഇരുചക്ര വാഹനങ്ങൾക്കുപോലും പോകാൻ ബുദ്ധിമുട്ടാണ്.
സൗകര്യം ഏർപ്പെടുത്തണം
ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ഒരു ചെറിയ പാലമെങ്കിലും ഉണ്ടായിരുന്നെങ്കിൽ വാഹനസൗകര്യം കിട്ടിയേനെ. ജലവിഭവ വകുപ്പിനേ ഇവിടെ പാലം പണിയാനാകൂ.പാലം പണിയണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ ജലവിഭവ വകുപ്പിനും ജനപ്രതിനിധികൾക്കും പലതവണ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.പാലം പണി തിരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥിരം വിഷയമായി വരാറുണ്ടെങ്കിലും പാലം യാഥാർത്ഥ്യമാകുന്നില്ലെന്നും ആക്ഷേപമുണ്ട്.