വർക്കല: വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ നാലുപേരെ വർക്കല പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 10.30 ഓടെ വർക്കല ഗവ. താലൂക്ക് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലംഗസംഘമാണ് ആംബുലൻസ് ഡ്രൈവറായ വർക്കല ചെറുകുന്നം സ്വദേശി അജ്മലിനെ (25) കുത്തിയത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന ഉമേഷ്‌ (23), സജീർ (23) എന്നിവർക്കും മർദ്ദനത്തിൽ പരിക്കേറ്റു. ഹോസ്‌പിറ്റൽ കാഷ്വാലിറ്റിയുടെ മുന്നിൽ മൊബൈൽ നോക്കി ഇരിക്കുകയായിരുന്ന ആംബുലൻസ് ഡ്രൈവർമാരോട് അവിടെ നിന്നു ഇറങ്ങിപ്പോകാൻ നാലംഗസംഘം ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിൽ സംഘം ഡ്രൈവർമാരെ ആക്രമിക്കുകയും കത്തികൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. ശേഷം ഇവർ മൂന്ന് ബൈക്കുകളിലായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വർക്കല പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ നാല് യുവാക്കളെ ഇന്നലെ പുലർച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീഴാറ്റിങ്ങൽ പെരുംകുളം സ്വദേശി സബീൽ (24), താന്നിമൂട് സ്വദേശി നിതിൻ (27), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.